ഹോം » പ്രാദേശികം » എറണാകുളം » 

എസ്.എഫ്.ഐ – കെ.എസ്.യു സംഘര്‍ഷത്തിനിടെ തടസം പിടിക്കാനെത്തിയ അദ്ധ്യാപികയുടെ കൈ ഒടിഞ്ഞു.

June 14, 2017

ആലുവ: എടത്തല അല്‍ അമീന്‍ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു സംഘര്‍ഷത്തിനിടെ തടസം പിടിക്കാനെത്തിയ അദ്ധ്യാപികയുടെ കൈ ഒടിഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ഇടതു കൈ എല്ലിന് പൊട്ടലേറ്റ കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അദ്ധ്യാപിക ബീനയെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുമായ ആദില്‍ (20), ലിന്റോ (20) എന്നിവരെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കോളേജ് കവാടത്തില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച കെ.എസ്.യു പ്രവര്‍ത്തകരുമായി സംഘഷര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ രാവിലെയും ഏറ്റുമുട്ടലുണ്ടായി. തുടര്‍ന്ന് വിശ്രമ സമയത്ത് കഌസില്‍ ഇരച്ചുകയറി കെ.എസ്.യു പ്രവര്‍ത്തകര്‍ എസ്.എഫ്.ഐക്കാരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഈ സമയം കഌസിലുണ്ടായിരുന്ന ബീന ടീച്ചര്‍ക്ക് മരകഷണം കൊണ്ടുള്ള അടിയേറ്റതാണ് എല്ലിന് പൊട്ടലുണ്ടാക്കിയത്. ബഹളം കേട്ട് തടയാനെത്തിയ മറ്റൊരു അദ്ധ്യാപികയ്ക്കും മര്‍ദ്ദനമേറ്റതായി പറയപ്പെടുന്നു.
പ്രിന്‍സിപ്പല്‍ അറിയിച്ചതനുസരിച്ച് എടത്തല സ്റ്റേഷനില്‍ നിന്നും പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ അക്രമികളായ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടിരുന്നു. ബീന ടീച്ചര്‍ നല്‍കിയ മൊഴിയെ തുടര്‍ന്ന് കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകനായ ഹരീഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ എടത്തല പൊലീസ് കേസെടുത്തതായി എസ്.ഐ പി.ജെ. നോബിള്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്മന്റും അറിയിച്ചിട്ടുണ്ട്.
അതിനിടെ പെണ്‍കുട്ടികളെയടക്കമുള്ള വിദ്യാര്‍ത്ഥികളെ പൊലീസ് അടിച്ചോടിച്ചതായി പരാതിയുണ്ട്. ഫേസ് ബുക്കില്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ മിലന്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. മിലന്റെ തലയ്ക്ക് രണ്ട് തുന്നലുണ്ട്. ഇത് പറഞ്ഞ് തീര്‍ക്കാനായി ഇന്നലെ ക്യാമ്പസിലെത്തിയ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. പിന്നീട് പ്രശ്നം കെ.എസ്.യുവും എസ്.എഫ്.ഐയും ഏറ്റെടുക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

 

 

Related News from Archive
Editor's Pick