ഹോം » പ്രാദേശികം » മലപ്പുറം » 

മഴയ്ക്ക് മടി

June 14, 2017

മലപ്പുറം: തുള്ളിക്കൊരു കുടം, അതാണ് കാലവര്‍ഷത്തിന്റെയൊരു കണക്ക്. പക്ഷേ ഇടവപ്പാതിക്ക് തന്നെ വന്നെങ്കിലും കാലവര്‍ഷം പെയ്യാന്‍ വലിയ പിശുക്കാണ് കാണിക്കുന്നത്.
രൂക്ഷമായ വരള്‍ച്ചയിലായിരുന്നു ജില്ലയിലെ മിക്ക പ്രദേശങ്ങളിലും. മാനം കറുത്തിരുണ്ട് മഴത്തുള്ളികള്‍ പതിച്ചപ്പോള്‍ മനസ്സിനൊപ്പും മണ്ണും നനയുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ചെറിയതോതില്‍ മണ്ണ് നനഞ്ഞെങ്കിലും കിണറുകളും പുഴകളും ഒന്നും നിറഞ്ഞില്ല.
ജില്ലയിലെ മണ്‍സൂണ്‍ മഴയില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. മലബാറില്‍ കാസര്‍ഗോഡിനും വയനാടിനും ശേഷം മഴക്കുറവുള്ള പട്ടികയില്‍ മൂന്നാമതാണ് ജില്ല.
കാലവര്‍ഷം തുടങ്ങിയശേഷം ഇതുവരെ ജില്ലയ്ക്കു കിട്ടിയത് 16.26 സെന്റിമീറ്റര്‍ മഴയാണ്. കിട്ടേണ്ടിയിരുന്നത് 22.08 സെന്റിമീറ്ററാണ്. ഈ മാസം ആദ്യവാരം 12.38 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 8.55 സെന്റീമീറ്ററാണ് ലഭിച്ചത്.
കാലവര്‍ഷമെത്തിയിട്ട് പതിനഞ്ച് ദിവസം പിന്നിടുമ്പോഴും കിണറുകളില്‍ വെള്ളമില്ല.
മഴ വന്നതോടെ തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ടാങ്കര്‍ ലോറിയില്‍ നടത്തിയിരുന്ന ജലവിതരണം നിര്‍ത്തി. ഇതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍.
ഭാരതപ്പുഴ, കടലുണ്ടിപ്പുഴ, ചാലിയാര്‍, തൂതപ്പുഴ, ഓലിപ്പുഴ തുടങ്ങി ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളെല്ലാം ഇപ്പോഴും വരണ്ടുകിടക്കുകയാണ്. വേനല്‍ക്കാലത്ത് കെട്ടിപ്പൊക്കിയ തടയണകളില്‍ മാത്രം വെള്ളമുണ്ട്.
വരള്‍ച്ച രൂക്ഷമായപ്പോള്‍ ജലവിതരണ പദ്ധതികളുടെ മോട്ടറുകള്‍ പുഴയിലേക്ക് ഇറക്കിവെച്ചിരുന്നു. എന്നാല്‍ കാലവര്‍ഷം ആരംഭിച്ചതോടെ ഇവയെല്ലാം തിരിച്ച് പമ്പ് ഹൗസിലേക്ക് കയറ്റി. പക്ഷേ ഉദ്ദേശിച്ചതുപോലെ മഴ ലഭിക്കാതായതോടെ ജലവിതരണം ഏതാണ് പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
കാലവര്‍ഷം ഇനിയും കനത്തില്ലെങ്കില്‍ ജലക്ഷാമം രൂക്ഷമാകും.

Related News from Archive
Editor's Pick