യൂണിഫോം ധരിക്കുന്നത് മനുഷ്യാവകാശ ലംഘനമല്ല: കമ്മീഷന്‍

Wednesday 14 June 2017 7:31 pm IST

തൃശൂര്‍: പൊതുമേഖലാ സ്ഥാപനത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നത് മനുഷ്യാവകാശ ലംഘനമായി കാണാനാവില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എന്നാല്‍ തൃശൂര്‍ അത്താണിയിലെ സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയില്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡിലെ ജീവനകാര്‍ക്ക് അഞ്ചു ജോഡി യൂണിഫോം വിതരണം ചെയ്യണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കമ്പനിയില്‍ ജീവനക്കാര്‍ക്ക് യൂണിഫോം നടപ്പിലാക്കിയത് അച്ചടക്കത്തിനു വേണ്ടിയാണെന്ന് കമ്മീഷന്‍ കണ്ടെത്തി. യൂണിഫോം പ്രാബല്യത്തില്‍ വന്നിട്ട് നാലുവര്‍ഷം കഴിഞ്ഞു. ജീവനക്കാര്‍ക്ക് തുണിയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും മുഴുവന്‍ ജീവനക്കാര്‍ക്കും വാഷിംഗ് അലവന്‍സ് നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കമ്പനിയില്‍ ഗുണനിലവാരം കുറഞ്ഞ യൂണിഫോം തുണി വിതരണം ചെയ്യുന്നു എന്ന പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. കോഴിക്കോട് സ്വദേശി കെ. മഹേഷ് മേനോനാണ് പരാതി നല്‍കിയത്. എന്നാല്‍ തുണിയുടെ ഗുണനിലവാരം ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നുണ്ടെന്ന് കണ്ടെത്തി.