ഹോം » പ്രാദേശികം » ആലപ്പുഴ » 

കടല്‍ക്ഷോഭം തുടരുന്നു നിസ്സംഗരായി ഭരണകൂടം

June 15, 2017

ആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം വ്യാപകമായിട്ടും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാകാവെ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. നാലുമന്ത്രിമാര്‍ ജില്ലയില്‍ നിന്നുണ്ടായിട്ടും കടലാക്രമണ നിരോധന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. മുന്‍കാലങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാറുണ്ടായിരുന്നു. ഇത്തവണ അതുമുണ്ടായില്ല.
കടലാക്രമണ നിരോധന പ്രവര്‍ത്തനത്തിന് കിഫ്ബിയുടെ പരിഗണനയില്‍ 42 കോടിയുടെ എസ്റ്റിമേറ്റ് ഉണ്ടെന്നാണ് ധനമന്ത്രി അടക്കമുള്ളവര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ അടിയന്തര പ്രവര്‍ത്തനത്തിന് അനുവദിച്ചത് കേവലം 50 ലക്ഷം രൂപ മാത്രമാണ്. ഇതുപോലും സാങ്കേതികത്വം പറഞ്ഞ് ചെലവഴിക്കാന്‍ തയ്യാറാകുന്നില്ല. നേരത്തെ കടല്‍ക്ഷോഭത്തില്‍പ്പെട്ട് വീടുകള്‍ തകര്‍ന്ന് വിവിധ ക്യാമ്പുകളില്‍ കഴിയുന്ന 124 കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാന്‍ പത്തുലക്ഷം രൂപവീതം അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ കബളിപ്പിച്ചു. സര്‍ക്കാര്‍ വാഗ്ദാനം കേട്ട് ഭൂമിക്കു അഡ്വാന്‍സ് നല്‍കിയ തുകപോലും ഇവര്‍ക്ക് നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. ഫിഷിങ് ഹാര്‍ബറിനോടും കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാട്ടുന്നത്.
ഹാര്‍ബര്‍ പുനര്‍നിര്‍മ്മാണത്തിന്2016 ജനുവരിയില്‍ കേന്ദ്രസര്‍ക്കാരിനു നല്‍കിയ 7.77 കോടിയുടെ പദ്ധതിക്കും അംഗീകാരം പോലും നേടിയെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ഹാര്‍ബറിലെ പുലിമുട്ടു സംരക്ഷിക്കുന്നതിനും ഇതര പ്രവര്‍ത്തനങ്ങള്‍ക്കുമായി 12 കോടി രൂപ നബാര്‍ഡില്‍ നിന്ന് അനുവദിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ അമ്പലപ്പുഴ എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല.
പുന്നപ്ര ലാന്‍ഡിങ് സെന്ററില്‍ കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് 16 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്ന് മന്ത്രി സുധാകരന്‍ പ്രഖ്യാപിച്ചിട്ട് മാസം ഒന്‍പതു പിന്നിട്ടു. ഇതിനും നടപടിയായില്ല.
സര്‍ക്കാരിന്റെ കടുത്ത അവഗണനയ്‌ക്കെതിരെ തീരമേഖലയില്‍ പ്രതിഷേധം ശക്തമാകുകയാണ്.

Related News from Archive
Editor's Pick