മാര്‍ക്‌സിസ്റ്റ് അക്രമത്തിനെതിരെ പ്രതിഷേധം വ്യാപകം അധഃസ്ഥിത വിഭാഗങ്ങള്‍ സിപിഎം കാപട്യം തിരിച്ചറിഞ്ഞു: ടി.വി. ബാബു

Wednesday 14 June 2017 7:34 pm IST

ആലപ്പുഴ: സിപിഎമ്മിന്റെ കാപട്യം അധഃസ്ഥിത വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും ഇനിയും അവരെ കബളിപ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു. സിപിഎം അക്രമങ്ങള്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ചപ്രതിഷേധ ബഹുജന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുപ്രചാരണങ്ങള്‍ പ്രചരിപ്പിച്ച് അടിസ്ഥാന ജന വിഭാഗങ്ങളെ കബളിപ്പിക്കുകയും മുതലെടുപ്പു നടത്തുകയുമായിരുന്നു ഇക്കാലമത്രയും സിപിഎമ്മും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളും ഇനി അത് വിലപ്പോവില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരുകാലത്തും നന്നാവില്ല. അക്രമവും നുണപ്രചാരണവുമാണ് അവരുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഭരണം ജനം മടുത്തുകഴിഞ്ഞതായി മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍ പറഞ്ഞു. 17 സംസ്ഥാനങ്ങളിലേറെ ഭരിക്കുന്ന ബിജെപിയോട് കേവലം ഒന്നേകാല്‍ സംസ്ഥാനം ഭരിക്കുന്ന സിപിഎം എതിരിടാന്‍ ആളല്ല. ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ടാണ് അക്രമം അഴിച്ചുവിടുന്നത്. ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാലാണ് ബിജെപി തിരിച്ചടിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി. ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍ സംസാരിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ എസ്.ജയകൃഷ്ണന്‍ സ്വാഗതവും ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍, ബിജെപി മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ ജന. സെക്രട്ടറി ഡി. അശ്വനിദേവ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എ.വി. ഷിജു, ജി. വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.