ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ആല്‍മരത്തിന്റെ കൂറ്റന്‍ കൊമ്പ് വീണ് 11 കെ.വി വൈദ്യുതി ലൈന്‍ തകര്‍ന്നു

June 14, 2017

തൃപ്രയാര്‍: തൃപ്രയാറില്‍ ദേശീയപാതയ്ക്ക് കുറുകെ ആല്‍മരത്തിന്റെ കൂറ്റന്‍ കൊമ്പ് ഒടിഞ്ഞുവീണ് പതിനൊന്ന് കെ.വി വൈദ്യുതി ലൈനും പോസ്റ്റും തകര്‍ന്നു. ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന് മുകളില്‍ തകര്‍ന്ന പോസ്റ്റും വൈദ്യുതി ലൈനും വീണെങ്കിലും തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി.
ഇന്നലെ രാവിലെ എട്ടേകാലോടെ തൃപ്രയാര്‍ തെക്കേ ആല്‍ മാവിന്റെ കൂറ്റന്‍ കൊമ്പാണ് ദേശീയപാതയിലേക്ക് വീണത്. അടര്‍ന്ന കൊമ്പ് പതിനൊന്ന് കെവി വൈദ്യുതി കമ്പികളില്‍ വീണതോടെ വലിയ ശബ്ദത്തില്‍ തീനാളം ഉയര്‍ന്നിരുന്നു. ഇതോടെ നാട്ടുകാര്‍ റോഡില്‍ ഇറങ്ങി ഇരുവശങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞു.
ഇതിനിടെ ഇരിങ്ങാലക്കുടയില്‍ നിന്ന് തൃപ്രയാറിലേക്ക് വന്ന സ്വകാര്യബസ് മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് നീങ്ങുകയും ചെയ്തു. ബസ്‌കടന്നതിന് പിന്നാലെ കൊമ്പ് ദേശീയപാതക്ക് കുറുകെ വീണു.
തകര്‍ന്ന വൈദ്യുതി കമ്പികളും പോസ്റ്റും ബസിന് മുകളില്‍ വീഴുകയും ചെയ്തു. നേരത്തെ കൊമ്പ് കമ്പികളില്‍ പതിച്ചതോടെ വൈദ്യുതി ബന്ധം നിലച്ചതാണ് ദുരന്തം ഒഴിവാക്കിയത്.
അപകടത്തെ തുടര്‍ന്ന് രണ്ടേകാല്‍ മണിക്കൂര്‍ സമയം ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ദേശീയപാതയില്‍ വീണ കൊമ്പ് മുറിച്ചുമാറ്റി രാവിലെ പത്തരയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick