കുന്നത്തൂര്‍: ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തെ തുടര്‍ന്ന് സ്വകാര്യബസില്‍ മകള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന മധ്യവയസ്ക്കന്റെ ഇടതുകൈ മുട്ടുഭാഗം പോസ്റ്റില്‍ ഇടിച്ച് അറ്റുതൂങ്ങി.
പോരുവഴി ശാസ്താംനട ഇടിക്കണ്ട മണ്ണൂര്തുണ്ടില് വീട്ടില്‍ ഇബ്രാഹിംകുട്ടിക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഉച്ചയ്ക്ക ഒന്നോടെ കുന്നത്തൂരിലായിരുന്നു സംഭവം. കൊട്ടാരക്കര-ചവറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സൗപര്‍ണിക ബസില്‍ യാത്ര ചെയ്യുകയായിരുന്ന ആളാണ് അപകടത്തില്‍പ്പെട്ടത്. ബസ് കൊട്ടാരക്കരയില്‍ നിന്നും ചവറക്ക് വരവേ പിന്‍ഡോറിനു സമീപത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ഇബ്രാഹിംകുട്ടിയുടെ ഇടതു കൈ കുന്നത്തൂര്‍ പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ ഉരഞ്ഞാണ് അപകടമുണ്ടായത്.
എന്നാല്‍ അപകടമുണ്ടായത് ഡ്രൈവര്‍ അറിഞ്ഞിരുന്നില്ലത്രേ. തുടര്‍ന്ന് പാലത്തിനു പടിഞ്ഞാറ് കുന്നത്തൂര്‍ ആറ്റുകടവ് ജംഗ്ഷനില്‍ നിര്‍ത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രക്തം വാര്‍ന്ന് അവശനിലയിലായിരുന്നു. സ്വകാര്യബസിന്റെ പിന്നാലെ കെഎസ്ആര്‍ടിസി വേണാട് ബസ് ഉണ്ടായിരുന്നതിനാല്‍ അമിതവേഗതയില്‍ പാഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: