ഹോം » കേരളം » 

സിബിഐ അന്വേഷണ ഹര്‍ജി ഇന്ന് പരിഗണിക്കും

ആലപ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ ലഹരി വിമുക്ത കേന്ദ്രത്തില്‍ സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ശ്രേയ (12) ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം നടക്കും.

ആരോപണവിധേയരെ ക്രൈംബ്രാഞ്ച് സംരക്ഷിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാലന്‍ നായരാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് സുനില്‍ പി. തോമസാണ് ഹര്‍ജി പരിഗണിക്കുന്നത്. കൊലപാതകക്കുറ്റം ചുമത്തുന്നതിന് പകരം പ്രതികള്‍ക്കെതിരെ അശ്രദ്ധ കാണിച്ചുവെന്ന നിസ്സാര കുറ്റമാണ് ചുമത്തിയതെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

ക്രൈംബ്രാഞ്ച് എസ്പി ടി.എഫ്. സേവ്യര്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചത് സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയായ ഫാ. മാത്തുക്കുട്ടി, സിസ്റ്റര്‍ സ്‌നേഹ എന്നിവരുടെ അശ്രദ്ധ മൂലമാണെന്നാണ് പറയുന്നത്. ഇരുവരും ജാമ്യം എടുക്കുകയും ചെയ്തു. 2010 ഒക്‌ടോബര്‍ 17നാണ് കളര്‍കോട് കൈതവന ഏഴരപറയില്‍ ബെന്നിയുടെയുടെയും സുജയുടെയും മകള്‍ ശ്രേയയെ ലഹരിവിമുക്ത കേന്ദ്രമായ കൈതവന അക്‌സപ്റ്റ് കൃപാഭവനിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൈതവന പള്ളിയുടെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ശ്രേയ യഹുദിയ 2010 എന്ന പേരില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസന ക്ലാസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. മറ്റു കുട്ടികള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടി എങ്ങനെ കുളത്തിലെത്തി തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കും അന്വേഷണസംഘം മൗനം പാലിക്കുന്നു. ക്രൈംബ്രാഞ്ച് നടപടി പ്രതികളെ സംരക്ഷിക്കുന്നതാണെന്നും പ്രതികള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും വേണുഗോപാലന്‍ നായര്‍ വാദിച്ചു.

ഫാ. മാത്തുക്കുട്ടിയെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഫാ. മാത്തുക്കുട്ടി സമ്മതം നല്‍കാതിരുന്നതിനാല്‍ കോടതി അന്ന് അനുവാദം നല്‍കിയില്ല. സിസ്റ്റര്‍ അഭയ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ വിധിയാണ് ഈ കേസില്‍ വൈദികന് തുണയായതെന്നതാണ് ശ്രദ്ധേയം.

 

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick