ഹോം » കേരളം » 

ലോട്ടറിക്ക് 12 % നികുതി

പ്രിന്റ്‌ എഡിഷന്‍  ·  June 19, 2017

ന്യൂദല്‍ഹി: ചരക്കു സേവന നികുതിയില്‍ (ജിഎസ്ടി) ലോട്ടറിക്ക് 12 ശതമാനം നികുതി നിശ്ചയിച്ചു. സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന ലോട്ടറികള്‍ക്ക് 28ശതമാനമാണ് നികുതി നിരക്ക്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. പുതിയ നികുതി നിരക്ക് കേരളത്തിന് വലിയ നേട്ടമാകും.

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 7500 രൂപയ്ക്ക് മുകളില്‍ വാടകയുള്ള മുറികള്‍ക്ക് നികുതി 18 ശതമാനമായി കുറച്ചിട്ടുണ്ട്. നേരത്തെയിത് 28 ശതമാനമായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഭക്ഷണത്തിനുള്ള നികുതിയും 18 ശതമാനമായി കുറച്ചു. 2,500 മുതല്‍ 7,500 രൂപ വരെയുള്ള റൂമുകള്‍ക്ക് 12 ശതമാനമാണ് നികുതി നിരക്ക്.

രാജ്യത്തെ വിനോദ സഞ്ചാര വ്യവസായത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്നതാണ് കുറഞ്ഞ നിരക്കിലുള്ള നികുതി ഈടാക്കാനുള്ള തീരുമാനം. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ നേട്ടമാകുമിത്.

ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി രാജ്യവ്യാപകമായി നടപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി കേന്ദ്രധനമന്ത്രാലയം അറിയിച്ചു. വ്യാപാരികള്‍ക്ക് സഹായകരമായി ജൂലൈയിലെ വില്‍പ്പന റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതി ആഗസ്ത് പത്തില്‍ നിന്നും സപ്തംബര്‍ അഞ്ചാക്കി.

ആഗസ്തിലെ വില്‍പ്പനരേഖകള്‍ സപ്തംബര്‍ 10ന് പകരം 20ന് സമര്‍പ്പിച്ചാല്‍ മതി. ജിഎസ്ടി നടപ്പാക്കുന്ന ആദ്യ രണ്ടു മാസങ്ങളില്‍ ചെറിയ ഇളവുകള്‍ നല്‍കുകയാണ്. സെപ്തംബര്‍ മുതല്‍ രേഖകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും- അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

ജിഎസ്ടി സംവിധാനം ഉള്‍പ്പെടുത്തിയ സോഫ്റ്റ്‌വെയറുകള്‍ കംപ്യൂട്ടറുകളില്‍ സ്ഥാപിക്കുന്നതിന് ഇനിയും നാലു മാസമെങ്കിലും എടുക്കുമെങ്കിലും അതുവരെ അതിര്‍ത്തി ചെക് പോസ്റ്റുകള്‍ തുടരുമെന്ന് കേരളത്തിന്റെ ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. ഡിക്ലറേഷനുമായി മാത്രമേ വാഹനങ്ങളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്നും ധനമന്ത്രി അറിയിച്ചു.

ജിഎസ്ടി നടപ്പാകുന്നതോടെ കേരളത്തിന് പ്രതിവര്‍ഷം 1,500 കോടി രൂപയുടെ വരുമാന വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 30ന് അര്‍ധരാത്രി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ജിഎസ്ടിയുടെ ഔപചാരിക തുടക്കം കുറിക്കും. അതിന് മുന്നോടിയായി പാര്‍ലമെന്റില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗവും ചേരും.

 

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick