ഹോം » കേരളം » 

പുതുവൈപ്പിന്‍ ലാത്തിച്ചാര്‍ജ്;എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം

വെബ് ഡെസ്‌ക്
June 19, 2017

കൊച്ചി: പുതുവൈപ്പിനിലെ പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ എറണാകുളം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സമര സഹായ സമിതിയാണ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വൈപ്പിനില്‍ യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വെല്‍ഫയര്‍ പാര്‍ട്ടിയും തിങ്കളാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമര സഹായ സമിതിയുടെ ഹര്‍ത്താലിന് സിപിഐഎംഎല്‍, റെഡ് സ്റ്റാര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ തുടങ്ങിയ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ ആരംഭിച്ച ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികമാണ്. കൊച്ചി നഗരമടക്കമുള്ള ജില്ലയിലെ മറ്റു മേഖലകളില്‍ സ്വകാര്യ ബസുകളും വാഹനങ്ങളും പതിവുപോലെ സര്‍വ്വീസ് നടത്തുന്നുണ്ട്. ഹോട്ടലുകളും കടകമ്പോളങ്ങളും തുറക്കുമെന്ന് വ്യാപാരികളും നേരത്തെ അറിയിച്ചിരുന്നു.

കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി സര്‍വ്വീസ് ആരംഭിക്കുന്നതും തിങ്കളാഴ്ചയാണ്.
എന്നാല്‍ വൈപ്പിന്‍ മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. രാവിലെ വൈപ്പിനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചില വാഹനങ്ങള്‍ തടഞ്ഞിരുന്നു. വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ കടകമ്‌ബോളങ്ങളെല്ലാം പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്.

പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ സമരം ചെയ്ത നാട്ടുകാര്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം പോലീസ് അതിക്രമമുണ്ടായത്. പോലീസിന്റെ ലാത്തിച്ചാര്‍ജ്ജില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

 

Related News from Archive

Editor's Pick