ഹോം » കേരളം » 

പുതുവൈപ്പ് സമരം: പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളെന്ന് പോലീസ്

വെബ് ഡെസ്‌ക്
June 19, 2017

കൊച്ചി: പുതുവൈപ്പിലെ ഐഒസി എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളെന്ന് എറണാകുളം റൂറല്‍ എസ്പി എ.വി.ജോര്‍ജ്. ഇവരുമായി ബന്ധമുള്ള ചിലരെ സമരത്തില്‍ കണ്ടിരുന്നതായും എ.വി.ജോര്‍ജ് വ്യക്തമാക്കി. സ്ത്രീകള്‍ ഒറ്റയ്ക്ക് ഇത്തരം ഒരു സമരം നടത്തുമെന്ന് കരുതുന്നില്ലെന്നും എസ്പി പറഞ്ഞു.

ടെര്‍മിനല്‍ നിര്‍മാണത്തിനായി ഞായറാഴ്ച തൊഴിലാളികള്‍ എത്തിയതോടെയാണു നാട്ടുകാര്‍ കൂട്ടമായി പ്ലാന്റിനു മുന്നിലേക്കെത്തിയത്. വന്‍ പോലീസ് സന്നാഹത്തോടെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങിയ ഐഒസി അധികൃതരോട് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നു സമരസമിതി ആവശ്യപ്പെട്ടു. എന്നാല്‍, പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തി പ്രതിരോധം തീര്‍ക്കുകയായിരുന്നു. പോലീസുകാര്‍ക്കുനേരേ കല്ലേറു വന്നതോടെ സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ അവര്‍ ലാത്തി വീശുകയായിരുന്നു.

മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷമേ പ്ലാന്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തൂവെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സമരക്കാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, മെട്രോ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടന്നില്ല.

ഇതിനിടെയാണ് ഇന്നലെ വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഐഒസി അധികൃതര്‍ നീക്കം നടത്തുന്നതായി സമരക്കാര്‍ അറിഞ്ഞത്. ഉടന്‍ തന്നെ പ്രദേശവാസികള്‍ പദ്ധതി പ്രദേശത്ത് ഇരച്ചുകയറുകയായിരുന്നു. പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടും ആരും കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നാണ് പോലീസ് ലാത്തിവീശിയത്.

പോലീസ് പിടികൂടിയ 74 പേരെ എആര്‍ ക്യാമ്പിലും മറ്റുള്ളവരം പേരെ മുനമ്പം സ്റ്റേഷനിലേക്കും കൊണ്ടു പോയിരുന്നു. അതേസമയം, പോലീസ് അതിക്രമത്തിനെതിരെ എല്‍ഡിഎഫിലും ഭിന്നത രൂക്ഷമായി. വി.എസ്. അച്യുതാനന്ദനും സിപിഐയും പോലീസ് അതിക്രമത്തിനെതിരെ രംഗത്തുവന്നിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick