പരിയാരം മെഡിക്കല്‍ കോളേജിണ്റ്റെ സ്വാശ്രയ പദവി റദ്ദാക്കണമെന്ന്‌

Wednesday 13 July 2011 6:11 pm IST

കണ്ണൂറ്‍: സംസ്ഥാന സര്‍ക്കാരിണ്റ്റെ സാമ്പത്തിക സഹായം ലഭിച്ച പരിയാരം മെഡിക്കല്‍ കോളേജ്‌ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളുടെ സ്വാശ്രയ പദവി റദ്ദാക്കുകയും, എയ്ഡഡ്‌ സ്ഥാപനമായി കണക്കാക്കി ൧൦൦ ശതമാനം മെറിറ്റും സാമൂഹിക നീതിയും ഉറപ്പാക്കണമെന്ന്‌ പട്ടിക വിഭാഗ സംഘടനകളുടെ വിദ്യാഭ്യാസ-വികസന സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സ്വകാര്യ മൂലധന നിക്ഷേപത്തിന്‌ അനുമതി നല്‍കിയതിണ്റ്റെ മറവില്‍ സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രൊഫഷണല്‍ കോളേജുകള്‍, ഐഎച്ച്‌ആര്‍ഡി നടത്തുന്ന സ്ഥാപനങ്ങള്‍, എല്‍ബിഎസ്‌ കോളേജുകള്‍, കെഎസ്‌ആര്‍ടിസി നടത്തുന്ന കോളേജുകള്‍, കൊച്ചി-കാലിക്കറ്റ്‌-കേരള സര്‍വ്വകലാശാലകള്‍ നേരിട്ട്‌ നടത്തുന്ന എഞ്ചിനീയറിംഗ്‌ കോളേജുകള്‍ തുടങ്ങി പല പൊതുമേഖലാ സ്ഥാപനങ്ങളും പണം വാങ്ങി യോഗ്യതയില്ലാത്തവര്‍ക്ക്‌ അഡ്മിഷന്‍ നല്‍കിവരുന്നുണ്ട്‌. കേരളത്തിലെ ആകെ സീറ്റുകളുടെ കാല്‍ഭാഗത്തോളം എണ്ണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണവും ഭൂമിയും മറ്റ്‌ സൌകര്യങ്ങളും പറ്റിയ പൊതുമേഖല-സഹകരണ കോളേജുകളിലാണ്‌. ഇത്‌ നിയമവിരുദ്ധവും ഉന്നത വിദ്യാഭ്യാസത്തെ അട്ടിമറിക്കുന്നതും സ്വാശ്രയത്തിണ്റ്റെ മറവില്‍ സര്‍ക്കാര്‍ തന്നെ നടത്തിക്കൊണ്ടിരിക്കുന്ന പിന്‍വാതില്‍ കച്ചവടവുമാണ്‌. ഈ വസ്തുത കണക്കിലെടുത്താണ്‌ ഇടത്‌ ഭരണകാലത്ത്‌ പരിയാരം മെഡിക്കല്‍ കോളേജിന്‌ ബജറ്റില്‍ വകയിരുത്തിയ ൧൦ കോടി നല്‍കേണ്ടെന്ന്‌ യുഡിഎഫ്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഈ സ്ഥാപനങ്ങളൊന്നും സ്വകാര്യ മൂലധന നിക്ഷേപമുള്ള സെല്‍ഫ്‌ ഫൈനാന്‍സിംഗ്‌ സ്ഥാപനങ്ങളല്ല. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ മേധാവികളും ഇത്തരം സ്ഥാപനങ്ങളിലൊന്നും കോടികള്‍ നിക്ഷേപിച്ചിട്ടില്ല. ആയതിനാല്‍ കോടികള്‍ പോക്കറ്റിലാക്കാന്‍ അവര്‍ക്ക്‌ അവകാശവുമില്ലെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എം.ഗീതാനന്ദന്‍, കെ.കെ.നാരായണന്‍, ഇ.പി.കുമാരദാസ്‌ എന്നിവര്‍ പങ്കെടുത്തു.