തൃശൂര്‍: ശങ്കരാചാര്യരെക്കുറിച്ചുള്ള മന്ത്രി ജി.സുധാകരന്റെ പ്രസ്താവന അനൗചിത്യമെന്ന് തൃശൂര്‍ ബ്രഹ്മസ്വം മഠം അധികൃതര്‍. ശങ്കരാചാര്യരുടെ അദ്വൈതവേദാന്തദര്‍ശനം തന്നെയാണ് ശ്രീനാരായണഗുരുദേവനും പിന്തുടര്ന്നത്. ആശയങ്ങളെക്കുറിച്ച് അക്കാദമിക് ചര്‍ച്ചകളാണ് വേണ്ടത്. ഇത്തരം വിവാദങ്ങളും വിമര്‍ശനങ്ങളുമല്ല. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഇത്തരം താരതമ്യങ്ങള്‍ തന്നെ അനാവശ്യമാണെന്നും ബ്രഹ്മസ്വംമഠം ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ ഈ വിവാദങ്ങളില്‍ കക്ഷിചേരാന്‍ തങ്ങളില്ല. 27, 28 തീയതികളില്‍ തൃശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ അദ്വൈത വേദാന്ത ദര്‍ശനത്തിന്റെ പാഠവും പ്രയോഗവും എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടക്കും.
കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പണ്ഡിതര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 27ന് വൈകീട്ട് അഞ്ചിന് മുനി നാരായണപ്രസാദ് സംശയങ്ങള്‍ക്ക് മറുപടി നല്‍കും. ഡോ. പി.കെ. വിജയന്, വടക്കുമ്പാട് നാരായണന്, അഡ്വ. പി. പരമേശ്വരന് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: