വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും സമൂഹ മാധ്യമങ്ങളിലെ ലോക നേതാക്കളാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമൂഹ മാധ്യമങ്ങളിലുള്ള പിന്തുണ ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ തങ്ങളെ സഹായിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലെ ലോക നേതാക്കളാണ് ഞങ്ങള്‍ രണ്ടുപേരും എന്ന കാര്യം മാധ്യമങ്ങളോടും, അമേരിക്കയിലെയും ഇന്ത്യയിലെയും ജനങ്ങളോടും പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. മോദിയുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ പ്രതിനിധികളുമായും രാഷ്ട്ര നേതാക്കളുമായും സമൂഹ മാധ്യമങ്ങള്‍ വഴി ആശയവിനിമയം നടത്താന്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്ത് ഏറ്റവും കൂടുതല്‍ സമൂഹ മാധ്യമ അനുയായികളുള്ള രാഷ്ട്ര തലവന്മാരാണ് ട്രംപും മോദിയും. ട്വിറ്ററില്‍ 3.28 കോടി പേരാണ് ട്രംപിനെ പിന്തുടരുന്നത്. മോദിയെ 3.1 കോടി പേര് പിന്തുടരുന്നു. ഫെയ്സ്ബുക്കില്‍ ട്രംപിനെ 2.36 കോടി ആളുകള്‍ പിന്തുടരുമ്പോള് മോദിയെ പിന്തുടരുന്നത് 4.18 കോടി ആളുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: