കാഞ്ഞിരപ്പള്ളി (കോട്ടയം): ചിറക്കടവില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസ്സിന്റെ മുകളിലേക്ക് മരങ്ങള്‍ കടംപുഴകി വീണു. വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറക്കടവ് മൂന്നാം മൈലിലാണ് സംഭവം.
ചിറക്കടവ് സെന്റ് എഫ്രേംസ് സ്കൂളിലെ ബസ്സിന്റെ മുകളിലേക്കാണ് രാവിലെ ഒമ്പതേമുക്കാലോടെ മരങ്ങള്‍ കടപുഴകി വീണത്. സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളുമായി വരുന്നതിനിടെയായിരുന്നു അപകടം. മൂന്നാം മൈലില്‍ എത്തിയപ്പോഴായിരുന്നു വഴിവക്കില്‍ നിന്ന രണ്ട് മരങ്ങള്‍ കടപുഴകി ബസ്സിന് മുകളിലേക്ക് പതിച്ചത്.
ഈ സമയം എല്‍പി, യുപി വിഭാഗങ്ങളിലെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ബസ്സിലുണ്ടായിരുന്നു. തല നാരിഴയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. റോഡിന് കുറുകെ വാഹനത്തിന്റെ മുകളിലേക്ക് വീണ മരങ്ങള്‍ എതിര് ദിശയിലെ വൈദ്യുതി ലൈനിലും കെട്ടിടത്തിലും തങ്ങി നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തില്‍ ബസ്സിന്റെ മുകള്ഭാഗം തകര്‍ന്നു.
വിദ്യാര്‍ത്ഥികളെ പിന്നീട് സ്കൂളിലേക്ക് തന്നെ മാറ്റി. സംഭവമറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും സ്ഥലത്തെത്തി. സമീപത്ത് നിന്നിരുന്ന അപകട ഭീഷണിയിലായ മറ്റൊരു മരം തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം മുറിച്ച് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: