ന്യൂദല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഫേസ്ബുക്കുമായി സഹകരിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ജൂലായ് ഒന്നുമുതല്‍ പ്രത്യേക പരിപാടിക്ക് തുടക്കമിടും. ഫേസ്ബുക്കിലുള്ള ഇന്ത്യയിലെ 180 ദശലക്ഷം ജനങ്ങള്‍ക്ക് ‘രജിസ്റ്റര്‍ നൗ’ എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്തുകൊണ്ട് അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ജൂലായ് ഒന്നിന് ‘വോട്ടര്‍ രജിസ്ട്രേഷന് റിമൈന്‍ഡര്‍’ എന്ന പേരില്‍ ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നട, പഞ്ചാബി, ബംഗാളി, ഉര്‍ദു, അസമീസ്, മറാത്തി, ഒഡിയ എന്നീ ഭാഷകളിലാകും റിമൈന്‍ഡറുകള്‍ അയക്കുക.
രജിസ്റ്റര്‍ നൗ ബട്ടണില്‍ അമര്‍ത്തിയാല്‍ നാഷണല്‍ വോേട്ടഴ്സ് സര്‍വ്വീസസ് പോര്‍ട്ടലിലേക്ക് (www.nvsp.in) എത്തിച്ചേരുകയും രജിസ്ട്രേഷനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്യും.
ഇന്ത്യയിലൊട്ടുക്കും ഇതാദ്യമായാണ് ഫേസ്ബുക്കിന്റെ വോട്ടര്‍ രജിസ്ട്രേഷന് റിമൈന്‍ഡര്‍ പ്രചരിക്കുന്നത്. 2016ലും 2017ലും സംസ്ഥാനതലത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസുകള്‍ ഇത്തരത്തിലുള്ള ഉദ്യമം നടത്തിയിട്ടുണ്ട്. വോട്ടില്ലാത്ത ആരും ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കുള്ള നടപടികളുടെ ഭാഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ പ്രത്യേക സംരഭമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയ്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: