ഹോം » കുമ്മനം പറയുന്നു » 

ജിഎസ്ടി: ബഹിഷ്‌കരിച്ചത് രാഷ്ട്രീയ തിമിരം ബാധിച്ചവര്‍- ബിജെപി

July 2, 2017

കൊച്ചി: ചരിത്രം കുറിച്ച, പാര്‍ലമെന്റിന്റെ ചരക്ക് സേവനനികുതി സമ്മേളനം ബഹിഷ്‌കരിച്ചവര്‍ രാഷ്ട്രീയ തിമിരം ബാധിച്ചവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്വതന്ത്രഭാരതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണമാണ് ജിഎസ്ടി. വാജ്‌പേയി സര്‍ക്കാര്‍ തുടങ്ങി വെച്ച നടപടികള്‍ പൂര്‍ത്തിയാക്കിയത് മറ്റൊരു ബിജെപി സര്‍ക്കാരാണ്. 2000 മുതല്‍ 17 വര്‍ഷം എല്ലാ സര്‍ക്കാരുകളും ഈ നടപടിക്ക് ആക്കം കൂട്ടുന്ന നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.

എങ്കിലും നിയമം നടപ്പാക്കണമെന്ന തീവ്ര ഇച്ഛാശക്തിയോടെ മുന്നോട്ട് പോയത് മോദി സര്‍ക്കാരാണ്. വിവിധ സംസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച് ഇന്ത്യന്‍ യൂണിയന്‍ സാധ്യമാക്കിയ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സാഹസികതക്ക് തുല്യമാണ് ഒറ്റ നികുതി വ്യവസ്ഥ കൊണ്ടുവന്ന മോദിയുടെ ധൈര്യവും.

ഒറ്റ നികുതിയിലേക്ക് മാറുന്നതോടെ രാഷ്ട്രത്തിന്റെ വളര്‍ച്ചാ നിരക്ക് രണ്ടു ശതമാനം വര്‍ദ്ധിക്കും. അവശ്യ സാധനങ്ങളുടെ വിലക്കുറവിനും കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, നികുതി വെട്ടിപ്പ് എന്നിവയുടെ അന്ത്യത്തിനും ഇത് സഹായകമാകും. രാജ്യത്തിന് ഗുണകരമാകുന്ന നിയമം നടപ്പാക്കിയ ചരിത്ര സമ്മേളനം ബഹിഷ്‌കരിച്ച കോണ്‍ഗ്രസ്, ഇടത്കക്ഷികളുടെ നിലപാട് ദൗര്‍ഭാഗ്യകരമാണ്.

ദല്‍ഹിയില്‍ ഉണ്ടായിട്ടും ധനമന്ത്രി ഡോ. തോമസ് ഐസക് സംബന്ധിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. തോമസ് ഐസക് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജിഎസ്ടി നിലവില്‍ വന്നത്. പരിഷ്‌കരണത്തോട് വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കില്‍ രേഖപ്പെടുത്താന്‍ അവസരം ഉണ്ടായിരുന്നു. അത് അദ്ദേഹം ഉപയോഗപ്പെടുത്തി. എന്നിട്ടും സമ്മേളനം ബഹിഷ്‌കരിച്ചത് രാഷ്ട്രീയ തിമിരം ബാധിച്ചതു കൊണ്ടാണ്.

ക്വിറ്റ് ഇന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, തുടങ്ങി അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികം വരെ ബഹിഷ്‌കരിച്ച് പാരമ്പര്യമുള്ള ഇടതുപക്ഷം അവരുടെ തനിസ്വഭാവം കാണിച്ചെന്നേയുള്ളൂ. അതേസമയം സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍ ധനമന്ത്രിയുമായ അസീംദാസ് ഗുപ്ത പരിപാടിയില്‍ പങ്കെടുത്തത് ശ്രദ്ധേയമായി.

 

കുമ്മനം പറയുന്നു - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick