ഹോം » ഭാരതം » 

തെലുങ്കാന: കോണ്‍ഗ്രസ്‌ നേതാക്കളും നിരാഹാരം തുടങ്ങി

July 13, 2011

ഹൈദരാബാദ്‌: പ്രത്യേക സംസ്ഥാന രൂപീകരണത്തിനായുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തെലുങ്കാന മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ നിരാഹാരം ആരംഭിച്ചു. തെലുങ്കാന സംസ്ഥാന രൂപീകരണത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനോട്‌ പ്രതിഷേധിച്ചാണ്‌ ഇവര്‍ സമരം നടത്തുന്നത്‌.
തെലുങ്കാന മേഖലയില്‍ നിന്നുള്ള എംപിമാരും എംഎല്‍എമാരും (വിവിധ പാര്‍ട്ടിയില്‍പ്പെട്ട) മന്ത്രിമാരും കൂട്ട രാജി സമര്‍പ്പിച്ച സാഹചര്യത്തില്‍ മന്ത്രിമാരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ നിരാഹാരത്തിനിറങ്ങിയത്‌ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്‌. ഇതോടൊപ്പം പുതിയ സംസ്ഥാനം രൂപീകരിക്കുന്നത്‌ സംബന്ധിച്ച്‌ തെലുങ്കാന ഒഴിച്ചുള്ള മേഖലയില്‍ നിന്നുള്ള നേതാക്കളുമായി അഭിപ്രായ സമന്വയ ചര്‍ച്ച നടത്തണമെന്ന്‌ ആന്ധ്രയുടെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ഗുലാംനബി ആസാദ്‌ അഭിപ്രായപ്പെട്ടെങ്കിലും മറ്റ്‌ മേഖലയില്‍ നിന്നുള്ളവര്‍ ഭൂരിപക്ഷമായതിനാല്‍ ഇത്തരമൊരു നടപടി സാധ്യമല്ലെന്നാണ്‌ തെലുങ്കാന നേതൃത്വം പറയുന്നത്‌. തെലുങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള പ്രമേയം ആന്ധ്രാനിയമസഭ ഐകകണ്ഠേന പാസ്സാക്കാത്തപക്ഷം ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സാധ്യമല്ലെന്നായിരുന്നു ആസാദ്‌ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്‌. തെലുങ്കാന ആശയത്തോടുള്ള ഇദ്ദേഹത്തിന്റെ പരസ്യമായ വിയോജിപ്പിനെതിരെ തെലുങ്കാനയിലെ കോണ്‍ഗ്രസ്‌ നേതൃത്വം ശക്തമായി പ്രതികരിച്ചിരുന്നു.
ഇതോടൊപ്പം തെലുങ്കാന മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ രാജി പിന്‍വലിക്കണമെന്നുള്ള സംസ്ഥാന മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ ആവശ്യം ഇവര്‍ നിരാകരിച്ചു. തെലുങ്കാന പ്രശ്നത്തിന്‌ പരിഹാരം ഉണ്ടാകുന്നതുവരെ ശക്തമായ പ്രക്ഷോഭ നടപടികളുമായി മുന്നോട്ടുപോകാനാണ്‌ പ്രവര്‍ത്തകരുടെ നീക്കം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick