ഹോം » ക്ഷേത്രായനം » 

കൊടിമരം പ്രതിഷ്ഠിക്കുമ്പോള്‍

ക്ഷേത്രനിര്‍മ്മാണ തത്ത്വങ്ങള്‍ - -3

ദാരു വിഗ്രഹങ്ങള്‍ :
മരം കൊണ്ടുണ്ടാക്കുന്ന വിഗ്രഹങ്ങള്‍. ഇതില്‍ അഭിഷേകാദികള്‍ നടത്തുകയില്ല. ചാന്താടി ബലപ്പെടുത്തുന്നു.
പഞ്ചലോഹം :
ചതുര്‍ഭാഗം തുരജ മേകഭാഗം ച കാഞ്ചനം
വരിഷ്ഠമഷ്ടഭാഗം ചാ പൃഷ്ടഭാഗം ച പിത്തളം
ആയഃ കിഞ്ചിത് സമായുക്തം പഞ്ചലോഹം തുയോജയേല്‍ ‘
നാലുഭാഗം വെള്ളി, ഒരുഭാഗം സ്വര്‍ണ്ണം, എട്ടു ഭാഗം ചെമ്പ്, എട്ടു ഭാഗം പിച്ചളയും അല്‍പം ഇരുമ്പും ചേര്‍ത്തുരുക്കി വാര്‍ത്തെടുക്കുന്ന വിഗ്രഹം.
ലേഖനം :
ചായമുപയോഗിച്ച് വരച്ചെടുക്കുന്നവ.
മണല്‍ വിഗ്രഹങ്ങള്‍ :
മണലില്‍ അഷ്ടബന്ധം പോലുള്ള പശ ചേര്‍ത്തുണ്ടാക്കുന്നത്.
രത്‌നക്കല്‍ വിഗ്രഹം :
നീലാഞ്ജനം, ചന്ദ്രകാന്തം തുടങ്ങിയ രത്‌നക്കല്ലുകള്‍ കൊണ്ടുണ്ടാക്കിയ വിഗ്രഹം.
സങ്കല്‍പ്പബിംബം:
മനസ്സില്‍ ഏതെങ്കിലും ദേവന്റെ രൂപം സങ്കല്‍പ്പിച്ചും ആരാധിക്കാം.

ഉത്തരായനത്തിലെ വെളുത്ത പക്ഷമാണ് പ്രതിഷ്ഠയ്ക്ക് നല്ലത്. മകം, ചതയം എന്നിവ ഒഴികെയുള്ള ഊണ്‍ നാളുകള്‍ നല്ലതാണ്. പ്രതിഷ്ഠാരാശിയുടെ അഞ്ച്, എട്ട്, ഒന്‍പത്, പന്ത്രണ്ട് ഭാഗങ്ങളില്‍ പാപഗ്രഹങ്ങള്‍ ഇല്ലാതിരിക്കണം.

പ്രതിഷ്ഠാകര്‍മ്മം

വിഗ്രഹത്തിനടിയിലെ കൂര്‍ത്തനാളം പീഠത്തിന്റെ കുഴിയില്‍ മന്ത്രോച്ചാരണസഹിതം തന്ത്രി ശുഭമുഹൂര്‍ത്തത്തില്‍ ഇറക്കി വയ്ക്കുന്നതാണ് പ്രതിഷ്ഠ. ഇത് പ്രകൃതി-പുരുഷ സംയോഗ പ്രതീകവുമാണ്.

പ്രതിഷ്ഠയ്ക്കു മുമ്പ് പ്രാസാദശുദ്ധി, ജലാധിവാസം, അനവധി പൂജകള്‍, ഹോമങ്ങള്‍, ബിംബശുദ്ധി, ശയ്യാപൂജ, ജലോദ്ധാരം, ധ്യാനാധിവാസം, ജീവാവഹനം, നേത്രോന്മീലനം മുതലായ അനേകം ക്രിയകളും നപുംസകശിലാ പ്രതിഷ്ഠയും നടത്തണം. അതിനുശേഷമാണ് പ്രാണപ്രതിഷ്ഠ.

ഗര്‍ഭഗൃഹത്തെ ഏഴേ ഗുണം ഏഴ് നാല്‍പ്പത്തിയൊമ്പത് കള്ളികളാക്കി തിരിച്ചാല്‍ മധ്യത്തിലേത് ബ്രഹ്മപദം. ഇതിനു ചുറ്റും ദേവപദം, അതിനുചുറ്റും മാനുഷപദം, അതിനുചുറ്റും പിശാചപദം. ബ്രഹ്മപദത്തെ തെക്കുവടക്കു രേഖകള്‍കൊണ്ട് പതിനഞ്ചായും അതിനു പിന്നിലെ ദേവപദത്തെ പതിമൂന്നായും അതിനു പുറത്തുള്ള മാനുഷപദത്തെ പതിനൊന്നായും അതിനു പുറത്തെ പിശാചപദത്തെ ഒന്‍പതായും ഭാഗിക്കണം. മഹാശിവലിംഗം ബ്രഹ്മപദത്തിന്റെ മധ്യത്തിലുള്ള അംശത്തിലും അല്‍പലിംഗത്തെ ബ്രഹ്മപദത്തിന്റെ രണ്ടാമത്തെ അംശത്തിലും വിഷ്ണുവിനെ മൂന്നാമത്തേതിലും സുബ്രഹ്മണ്യന്‍, ശങ്കരനാരായണന്‍ എന്നിവരെ നാലാമത്തേതിലും ദുര്‍ഗ്ഗയെ ആറാമത്തേതിലും അയ്യപ്പനെ പതിനാറാമത്തെ അംശത്തിലും ഗണപതിയെ ഇരുപതാമത്തേതിലും പ്രതിഷ്ഠിക്കാം. ബ്രഹ്മപദത്തിന് മധ്യം മുതല്‍ പിന്നിലേക്ക് നാല്‍പ്പത്തൊന്നു കള്ളികള്‍ ഉണ്ട്.

കൊടിമരം

മനുഷ്യശരീരത്തിലെ നട്ടെല്ലുപോലെയാണ് ക്ഷത്രത്തിനു കൊടിമരം. കൊടിമരത്തിലെ വെണ്ടകകള്‍ എന്ന തടിപ്പുകള്‍ നട്ടെല്ലിലെ കശേരുക്കളെ ഓര്‍മ്മിപ്പിക്കുന്നു. നട്ടെല്ലിലേതുപോലെ കൊടിമരത്തിലും ഇവ ഒറ്റ സംഖ്യയായിരിക്കണമെന്നാണ് നിയമം. കൊടിമരത്തിനകത്തെ മരം കൊണ്ടോ കോണ്‍ക്രീറ്റുകൊണ്ടോ ഉള്ള ഭാഗം സുഷുമ്‌നാ നാഡിയെ പ്രതിനിധാനം ചെയ്യുന്നു. കൊടി മുതല്‍ കീഴോട്ടുള്ള ഭാഗങ്ങള്‍ ഇഡ, പിംഗള നാഡികളാണ്.

കൊടി കുണ്ഡലിനിശക്തിയേയും വാഹനം പ്രാണനേയും പ്രതിനിധാനം ചെയ്യുന്നു.
താല്‍കാലിക കൊടിമരങ്ങളില്‍ ആലില, പ്ലാവില, മാവില എന്നിവ കൂട്ടിക്കെട്ടി കൊടിമരത്തില്‍ ആധാരചക്രങ്ങളുണ്ടാക്കുന്നു. കൊടിമരത്തിലെ മണ്ഡിപ്പലക അവസാനത്തെ ആധാരചക്രമാണ്. ഗര്‍ഭഗൃഹമധ്യത്തില്‍ നിന്ന് അഞ്ചോ ആറോ ഏഴോ ഉത്തരദണ്ഡ് അകലത്തില്‍ കൊടിമരം പ്രതിഷ്ഠിക്കാം. ദ്വാരനീളമാണ് കൊടിമരത്തിന്റെ ഉയരത്തിന്റെ മാനദണ്ഡം. ഉയരം 7,9,10,11, 12, 13 ദ്വാരനീളമോ താഴികക്കുടത്തോളമോ യോനി ഒപ്പിച്ചോ ആകാം. ഗര്‍ഭഗൃഹത്തിന്റെ 1/4, 1/5, 1/6 കണ്ണ് വണ്ണവും അല്‍പം കുറഞ്ഞ തലവണ്ണവുമായി ദ്വാരദണ്ഡകലത്തില്‍ ധ്വജം സ്ഥാപിക്കണം. ഉയരം ദ്വാരനീളത്തിന്റെ 10, 15, 17, 20 ഇരട്ടിവരെ ആകാം. തറ, വേദി, സ്തംഭം, മണ്ഡിപ്പലക, വീരകാണ്ഡം, വാഹനം, യഷ്ടി എന്നീ അവയവങ്ങള്‍ ധ്വജത്തിനു കല്‍പിച്ചിട്ടുണ്ട്.

ശിവന് കാളയും വിഷ്ണുവിന് ഗുരുഡനും ശങ്കരനാരായണന് കാളപ്പൂറമേറിയ ഗരുഡനും മൂഷികന്‍ ഗണപതിക്കും അയ്യപ്പന് കുതിരയും സുബ്രഹ്മണ്യന് മയിലും കോഴിയും ഭഗവതിക്ക് സിംഹവും കൊടിമരത്തില്‍ ചിഹ്നങ്ങളാണ്. കൊടി തൂക്കാനുള്ള യഷ്ടി വടക്കോട്ട് സ്ഥാപിക്കണം തറയ്ക്ക് താഴോട്ടുള്ള നാളം ഒരു ദ്വാരനീളമെങ്കിലും ഉണ്ടാകണം. ഇത് അടിയിലെ ആധാരശിലയില്‍ ഉറച്ചിരിക്കും. വേദിക്കു മുകളിലുള്ള ഊര്‍ധ്വമുഖ പത്മദളങ്ങളില്‍ അഷ്ടദിക്പാലകര്‍ വസിക്കുന്നു. ചെമ്പുപൊതിഞ്ഞ കൊടിമരം ഇടിമിന്നലില്‍ നിന്നും രക്ഷിക്കുന്ന രക്ഷാചാലകം കൂടിയാണ്. അതുകൊണ്ടാണ് ക്ഷേത്രസമീപത്തെ കെട്ടിടങ്ങള്‍ക്ക് കൊടിമരത്തേക്കാള്‍ ഉയരം പാടില്ലന്നുപറയുന്നത്. കുണ്ഡലിനിശക്തിയാകുന്ന കൊടിക്കൂറയെ പ്രാണായാമത്തിലൂടെ ചൈതന്യ ശൃംഗത്തിന്റെ ഉച്ചകോടിയിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രതീകമാണ് കൊടിയേറ്റ്.

9496157790
Related News from Archive
Editor's Pick