ഹോം » സിനിമ » വെബ്‌ സ്പെഷ്യല്‍

തകര്‍ച്ചമാത്രം ആഘോഷിക്കുന്നവരല്ല മലയാളി

വെബ് ഡെസ്‌ക്
July 15, 2017

വീഴ്ച്ചകള്‍മാത്രം ആഘോഷിക്കുന്നവരാണ് മലയാളികളെന്നു വിമര്‍ശിക്കുന്നവരുണ്ട്. സിനിമാനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനായപ്പോള്‍ ജനം അയാള്‍ക്കെതിരെ അര്‍മാദിച്ചു എന്നാണ് ഇവര്‍ പറയുന്നത്. അത് ശരിയുമാണ്.

പ്രേക്ഷകന്‍ അധ്വാനിച്ച കാശുമുടക്കി തിക്കിലും തിരക്കിലും നിന്ന് ടിക്കറ്റെടുത്ത് ദിലീപിന്റെ സിനിമകണ്ട് അയാളെ ഗോപാലകൃഷ്ണനില്‍ നിന്നും തങ്ങളുടെ ജനപ്രിയ നായകനാക്കിയെങ്കില്‍ തികച്ചും മ്‌ളേഛമായ ഒരുകേസില്‍ അയാള്‍ കുറ്റോരോപിതനാകുമ്പോള്‍ അവകാശമല്ലെങ്കില്‍ക്കൂടി ജനം കുറച്ചൊക്കെ ആഘോഷിച്ചെന്നുവരും. അതു മലയാളിയുടെ മാത്രം സ്വഭാവ വിശേഷമല്ല. പൊതുജനത്തിന്റെ സ്വാഭാവിക വിശേഷമാണ്. തങ്ങള്‍ നെഞ്ചില്‍വെച്ചാരാധിച്ച താരം തിന്മയുടെ പ്രതീകമായിമാറുമ്പോഴുണ്ടാകുന്ന വികാര വിക്ഷോഭം. ആള്‍ക്കൂട്ടം വിചാരങ്ങളുടെ ആളുകളല്ല, വികാരങ്ങളുടെ മനുഷ്യരാണ്.

ദിലീപ് നിരപരാധിയായി നാളെ പുറത്തിറങ്ങിയാല്‍ അയാളെ കൂകിയജനം പൂച്ചെണ്ടു നല്‍കി സ്വീകരിക്കും. സിനിമ കാഴ്ചയുടെ കലയാണ്. കാണാന്‍ ആളുവേണം. ആളുകള്‍ കണ്ടു കണ്ടാണ് കടലുണ്ടാകുന്നത് എന്നു പറയുംപോലെ ആളുകള്‍ കണ്ടു കണ്ടാണ് സിനിമ വിജയിക്കുന്നതും താരങ്ങളുണ്ടാകുന്നതും. ഇന്നലെവരെ ആരുമറിയാത്ത ഒരാളാകും ഒരൊറ്റ ദിവസംകൊണ്ട് പ്രേക്ഷക പ്രീതിയാല്‍ താരമാകുന്നത്. ഇതു സിനിമയില്‍ മാത്രം സംഭവിക്കുന്ന അല്‍ഭുതമാണ്. എത്രകാലംകൊണ്ടാണ് രാഷ്ട്രീയത്തില്‍ ഒരാള്‍ നേതാവായിത്തീരുന്നത്. ജനസേവനം കൊണ്ടാണ് അത്തരമൊരു നേതാവുണ്ടാകുന്നത്. ജനത്തിന്റെ ഇഷ്ടം അല്ലെങ്കില്‍ ആരാധനകൊണ്ടുള്ള ഔദാര്യത്തില്‍ക്കൂടി ആയിത്തീരുന്നതാണ് ഒരാളുടെ താരപദവി. രാപകല്‍ ജനങ്ങള്‍ക്കായി ഓടിനടന്നും വിമര്‍ശനമേറ്റും മര്‍ദനം സഹിച്ചും ത്യാഗങ്ങള്‍ ഏറ്റുവാങ്ങിയുമൊക്കെയാണ് രാഷ്ട്രീയത്തില്‍ താരങ്ങള്‍ ഉദിച്ചു വരുന്നത്.

രാഷ്ട്രീയം ജനസേവനത്തിന്റെ കലയാണ്,സിനിമ ആസ്വാദനത്തിന്റെ കലയും. ഒരു ജനനേതാവ് നിരന്തരം വിമര്‍ശനവും അഭിനന്ദനവും ഏറ്റുവാങ്ങുമ്പോള്‍ കേവലം ഒരു സിനിമാതാരം സ്വയം വരുത്തിയ വീഴ്ച അയാളെ താരമാക്കിയ ജനം ആഘോഷിച്ചെന്നുവരുന്നതു അത്ര തെറ്റാണോ.
ദിലീപിനെതിരെ കുറ്റം തെളിഞ്ഞാല്‍ മാത്രമേ അയാള്‍ കുറ്റവാളിയാകുകയുള്ളൂ. ദിലീപിന്റെ തകര്‍ച്ചയുടെ ചെലവില്‍ ചിലര്‍ ഇപ്പോള്‍ വലിയ വിശുദ്ധരായി സ്വയം നടിക്കുന്നുണ്ട്. അവര്‍ പറയുന്നത് ദിലീപിന്റെ ചതികളുടെ കഥകളാണ്. ഒരുപക്ഷേ അതെല്ലാം ശരിയായിരിക്കാം. പക്ഷേ എന്തുകൊണ്ട് അതൊന്നും അന്നു തുറന്നു പറഞ്ഞില്ല.

അതിനും അവര്‍ക്കു കാരണങ്ങളുണ്ടായിരിക്കാം,സമ്മതിക്കുന്നു. ഇന്നവര്‍ അതെല്ലാം തുറന്നു പറയുന്നത് മാധ്യമങ്ങളിലൂടെയാണ്. അന്നും മാധ്യമങ്ങളുണ്ടായിരുന്നു. നിയമവും കോടതിയും ഉണ്ടായിരുന്നു. ഒരു ദിലീപിനെയോ താരസംഘടനയായ അമ്മയേയോ മാത്രം പേടിച്ചു ജീവിക്കേണ്ടവരല്ലല്ലോ സിനിമാക്കാര്‍. അന്ന് അവരിലാരെങ്കിലും ഇന്നത്തെപോലെ ശബ്ദിച്ചിരുന്നെങ്കില്‍ മലയാള സിനിമയ്ക്ക് ഇൗ ഗതി വരുമായിരുന്നില്ല.

Related News from Archive
Editor's Pick