ചങ്കൂറ്റത്തോടെ ചാവറ പാറുക്കുട്ടിയമ്മചങ്കൂറ്റത്തോടെ ചാവറ പാറുക്കുട്ടിയമ്മ

Saturday 15 July 2017 5:45 pm IST

                          ചവറ പാറുക്കുട്ടിയമ്മ അരങ്ങില്‍

കലാലോകത്തിനു ചില വിചിത്രമായ നിയമങ്ങള്‍ ഉണ്ട്, അന്നും ഇന്നും. നിയതമായ ഈ നിയമവ്യവസ്ഥിതികളാല്‍ അദൃശ്യമായി ചലിച്ചു കൊണ്ടിരിക്കുന്നു, ഉന്നതരായ മഹത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന കലാരംഗം. അവയില്‍ പുരുഷകേന്ദ്രീകൃതമാണ് പലതും  പ്രത്യേകിച്ചും, കഥകളി. ഇന്നും സ്ത്രീകള്‍ തുലോം വിരളമായി തന്നെയാണ് കഥകളി രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ഇങ്ങനെ പല പൊളിച്ചെഴുത്തുകളും അനിവാര്യമായ രംഗങ്ങളില്‍ വിപ്ലവാത്മകചിന്തകളോടെ മുന്നോട്ടു വരുന്നത് ചങ്കൂറ്റം കൈമുതലായവരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് ചവറ പാറുക്കുട്ടി.ചവറ പാറുക്കുട്ടിയമ്മ കഴിഞ്ഞ 58 വര്‍ഷങ്ങളായി കഥകളിയരങ്ങത്തുണ്ട്.

നാല്‍പതുകളില്‍ ബിരുദം നേടിയ പാറുക്കുട്ടിയമ്മ സുഗമമായി ലഭിക്കാവുന്ന സര്‍ക്കാര്‍ ഉദ്യോഗം വരെ വേണ്ടെന്നുവെച്ചാണ് കഥകളി രംഗത്ത് ഉറച്ചു നിന്നത്. മനക്കരുത്തും, ആത്മവിശ്വാസവും ഇന്നും പാറുക്കുട്ടിയമ്മയില്‍ പ്രകടം. അവരുടെ വാക്കുകളില്‍ ഉരുത്തിരിയുന്നതും മറ്റൊന്നല്ല.

 പാറുക്കുട്ടിയമ്മയുടെ ആദ്യ അരങ്ങേറ്റ ഓര്‍മ്മകള്‍ പങ്കു വെയ്ക്കാമോ?

ആറാം തരത്തില്‍ പഠിക്കുമ്പോഴാണ് നൃത്തരംഗത്തേയ്ക്ക് കടന്നുവരുന്നത്. കൂട്ടുകാരി ലീലാമണി വഴിയാണ് നൃത്തരംഗത്ത് എത്തുന്നത്. സകൂള്‍ വാര്‍ഷികത്തിനാണ് ആദ്യമായി ചിലങ്കയണിഞ്ഞത്.

ആ കുഞ്ഞുപ്രായത്തിലേ എനിക്ക് ആട്ടക്കാരി എന്ന വിളി കേള്‍ക്കേണ്ടി വന്നു. അതുകേട്ടപ്പോള്‍ എനിക്ക് വാശി കൂടി. എന്റെ അപ്പനാണ് (അപ്പന് സ്വര്‍ണ്ണപ്പണിയായിരുന്നു) എനിക്ക് കളി പഠിയ്ക്കുന്നതില്‍ പ്രോത്സാഹനം നല്‍കിയത്. പിന്നീട് പ്രീയൂണിവേഴ്‌സിറ്റി പഠനകാലത്താണ് കഥകളിയഭ്യസനം ആരംഭിച്ചത്. മുതുപിലാക്കാട് ഗോപാലപ്പണിക്കര്‍ ആശാന്‍ അന്നേ എന്നോട് പറഞ്ഞു, വളരെ ബുദ്ധിമുട്ടാണ് കഥകളി പഠിക്കാന്‍. അതുകൊണ്ടൊന്നും ഞാന്‍ പിന്മാറിയില്ല. നൃത്തം പഠിച്ചതുകൊണ്ട് മുദ്രകള്‍ പരിചിതമായി. പൂതനാമോക്ഷം ലളിത ആയിരുന്നു അരങ്ങേറ്റ കഥകളിയരങ്ങ്. ഒന്നര മണിക്കൂര്‍ ചെയ്തു. ഒരു വന്‍ജനക്കൂട്ടത്തിനു മുന്നിലായിരുന്നു  എന്റെ അരങ്ങേറ്റം. ആശാന്‍ പറഞ്ഞത് അതേപടി ചെയ്തു എന്നതാണ് സത്യം.അന്ന് എന്റെ അരങ്ങേറ്റം കഴിഞ്ഞ ആ വര്‍ഷത്തില്‍ എല്ലാവര്‍ക്കും  ഒരു മോഹം തോന്നി.

എന്റെ ഒരു പുരുഷവേഷം കാണണം എന്ന്. അങ്ങനെ, മറ്റൊരു കളരിയില്‍ ചേര്‍ന്നു. പുരുഷവേഷങ്ങളുംചൊല്ലിയാടി പഠിച്ചു, അവതരിപ്പിച്ചു. ആദ്യം രുഗ്മിണീ സ്വയംവരത്തില്‍ കൃഷ്ണന്‍ കെട്ടി. പിന്നീട്, കല്യാണസൗഗന്ധികത്തിലെ ഭീമസേനന്‍ കെട്ടി. അങ്ങനെ, പല വേഷങ്ങളും വഴിയെ കെട്ടാന്‍ സാധിച്ചു.

എങ്ങനെയാണ് രാത്രി മുഴുവന്‍ അരങ്ങുകളും, പകല്‍ കോളേജ് പഠനവും ഒപ്പം കൊണ്ടുനടന്നത്?

തലേന്നത്തെ അരങ്ങിലെ ബാക്കിയായ കണ്മഷിയും, കണ്ണിലെ ചുണ്ടപ്പൂ ചുവപ്പും ഒക്കെയായിട്ടാണ് പിറ്റേന്ന് ക്ലാസ്സില്‍ പോകുന്നത്. ക്ലാസ്സില്‍ മുന്‍ ബഞ്ചില്‍ പോയിരുന്നു സുഖമായി ഉറങ്ങുമായിരുന്നു (ചിരി). പക്ഷെ, ക്ലാസ്സില്‍ എല്ലാ അധ്യാപകരും എന്റെ കലാതാല്‍പര്യത്തെ വിലമതിച്ചിരുന്നു. എന്നോട് ക്ലാസ്സിലെ പിന്‍ബഞ്ചില്‍ പോയിരുന്നു ഉറങ്ങിക്കോളാന്‍ പറയും, നോട്‌സ് ഒക്കെ ഞങ്ങള്‍ തന്നോളാം എന്നും പറയും. പല തവണയായി പരീക്ഷ എഴുതിയിട്ടാണ് ബിഎ  ഇക്കണോമിക്‌സ് പൂര്‍ത്തീകരിച്ചത്.

ബിരുദധാരിയായ ഒരാള്‍ക്ക് സുരക്ഷിതമായ സര്‍ക്കാര്‍ ഉദ്യോഗം ഉറപ്പായിരുന്ന അന്നത്തെ കാലത്ത്. എന്തുകൊണ്ട് പാറുക്കുട്ടിയമ്മ അനിശ്ചിതമായ വരുമാനം ലഭിക്കുന്ന കഥകളി രംഗം തിരഞ്ഞെടുത്ത് മുന്നോട്ടു പോകാന്‍ തീരുമാനിച്ചു?

ഒന്നുണ്ട്, കലാലോകത്തിനു മനുഷ്യന്റെ മനസ്സിനെ മറ്റെങ്ങും പോകാതെ പിടിച്ചു നിര്‍ത്താനുള്ള ഒരു മാന്ത്രികശക്തി. കലാമണ്ഡലത്തില്‍ അന്നെനിക്ക് ഓഫീസ് ജോലി തരപ്പെട്ടതായിരുന്നു. നിയമന ഉത്തരവ് വരെ കിട്ടി, ആ ജോലിക്കൊപ്പം, കഥകളിയ്ക്കും പോകാന്‍ സാധിക്കുമായിരുന്നു. അന്നാണ് കൊട്ടാരക്കര തമ്പുരാന്‍ പുരസ്‌കാരം എനിക്ക് ലഭിക്കുന്നത്. അങ്ങനെ രണ്ട് സന്തോഷങ്ങള്‍ ഒന്നിച്ചു വന്നപ്പോഴാണ് എന്റെ അപ്പന്‍ കിടപ്പിലാവുന്നത്.

പെട്ടെന്ന് അപ്പന്‍ മരണപ്പെട്ടു. അതിനുശേഷം, കലാമണ്ഡലത്തില്‍ നിന്ന് വീണ്ടുമൊരു കത്ത് എനിക്ക് കിട്ടി. എന്റെ നിയമനം റദ്ദാക്കപ്പെട്ടു എന്ന വിവരമായിരുന്നു കത്തില്‍. എനിയ്ക്ക് പ്രായപരിധി കഴിഞ്ഞു പോയി എന്നതായിരുന്നു കാരണം. അങ്ങനെ എല്ലാംകൊണ്ടും, അക്കാലത്ത് ഞാന്‍ വല്ലാത്ത നിരാശയില്‍ പെട്ടുപോയി. പക്ഷെ, ക്ലാസ്സുകളൊക്കെ എടുത്തുകൊണ്ട് ഞാന്‍ ആ വിഷമങ്ങളില്‍ നിന്നെല്ലാം കരകയറി.

പാറുക്കുട്ടിയമ്മയുടെ പിന്‍ഗാമികളായി വളരെ സജീവമായി കഥകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി നികളും, ഒക്കെ ഇന്നുണ്ട്. സന്തോഷം തോന്നുന്നില്ലേ, ഈ ഒരു മാറ്റത്തില്‍?

മുപ്പത് മാര്‍ക്ക് എന്ന ഒരു ലക്ഷ്യം മാത്രമാവും പല കുട്ടികളുടേയും മനസ്സില്‍. പക്ഷെ, ഇതിനിടയില്‍ അവരുടെ കുടുംബങ്ങള്‍, സുഹൃത്തുക്കള്‍ ഒക്കെയായി കഥകളി രംഗവുമായി ഒരു ബന്ധം ഈ കുട്ടിയെ ചുറ്റിപ്പറ്റി ഉണ്ടാകുകയാണല്ലോ. അങ്ങനെ, ആസ്വാദകര്‍ കൂടുമല്ലോ. അത് വളരെ നല്ല കാര്യമല്ലേ? അങ്ങനെ വളരട്ടെ, കഥകളിലോകം.

വിപ്ലവാത്മകമായ ആത്മവിശ്വാസവുമായി പുരുഷന്മാരുടെ കുത്തകവേഷങ്ങള്‍ വരെ കൈകാര്യം ചെയ്യുന്ന നിരവധി വനിതകള്‍ കഥകളി രംഗത്ത് ഇപ്പോഴുണ്ടല്ലോ. എന്താണ് പാറുക്കുട്ടിയമ്മയ്ക്ക് അവരോടു പറയുവാനുള്ളത്?

ചങ്കൂറ്റം അതാണ് വലിയ കൈമുതല്‍. നന്നേ ചെറുപ്പത്തില്‍ അപ്പൂപ്പന്റെ പ്രായമുള്ളവരുടെ കൂടെ വരെ വേഷം കെട്ടാന്‍ എനിക്ക് ധൈര്യം ഉണ്ടായി. അത് ഏതൊരു സാഹചര്യത്തിലും കൈമോശം വരാതെ കാത്തുസൂക്ഷിക്കുക. ജീവിക്കാന്‍ മറന്നുപോയ ഒരു വ്യക്തിയാണ് ഞാന്‍. പക്ഷെ, അതില്‍ നിരാശയില്ല. സംതൃപ്തിയുണ്ട്, എല്ലാവിധത്തിലും. നാലടി എട്ടിഞ്ച് ആണ് എന്റെ പൊക്കം, ഒരു ചപ്പിയ മൂക്കും. ഈ ഞാന്‍ തുടക്കം മുതലേ വലിയ പേരെടുത്ത പല ആശാന്മാരുടെ കൂടെ വേഷം കെട്ടി. അതില്‍ വലിയ സന്തോഷമുണ്ട്.