ഹോം » പ്രാദേശികം » മലപ്പുറം » 

ജീവനക്കാരുടെ കൂട്ട സ്ഥലമാറ്റം പരപ്പനങ്ങാടി നഗരസഭാ ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചു

July 16, 2017

പരപ്പനങ്ങാടി: ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് പരപ്പനങ്ങാടി നഗരസഭാ കാര്യാലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു.
നികുതി വിഭാഗത്തിലും ഭരണ വിഭാഗത്തിലും ഉദ്യോഗസ്ഥരില്ലാതായതോടെ നഗരസഭയിലെ വികസന പ്രവര്‍ത്തികളടക്കം താളം തെറ്റും. നാല്‍പത്തിയഞ്ചോളം ജീവനക്കാരുണ്ടായിരുന്നിടത്ത് ഇന്നലെ ജോലിക്കെത്തിയത് അഞ്ചുപേര്‍ മാത്രം.
റേഷന്‍ കാര്‍ഡിലെ അപാകതകള്‍ തിരുത്തുന്നതിന്റെ ഭാഗമായി ബിപിഎല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് സപ്ലൈ ഓഫീസുകളിലേക്ക് നോണ്‍ ടാക്‌സബിള്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നഗരസഭയില്‍ വരുന്നവരടക്കം ബുദ്ധിമുട്ടിലായിരിക്കുകയാണ്.
വിദ്യാഭ്യാസ ആവശ്യത്തിനും പ്രവേശനത്തിനും മറ്റുമായി റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിനായി എത്തുന്നവരും വിഷമാവസ്ഥയിലാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷത്തിലാണ് പരപ്പനങ്ങാടി പഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തിയത്. ജില്ലയില്‍ കൊണ്ടോട്ടിയും താനൂരും തിരൂരങ്ങാടിയും ഒരേസമയം നഗരസഭാ പദവിയിലേക്കുയര്‍ത്തപ്പെട്ടതാണ്.
നാളിതുവരെയായി മുന്‍സിപ്പല്‍ സ്റ്റാഫിന്റെ പുനര്‍വിന്യാസം പൂര്‍ത്തിയായിട്ടില്ല. പുതിയ നഗരസഭകളിലേക്ക് ഇത്രയധികം മുന്‍സിപ്പല്‍ ജീവനക്കാരെ നിയമിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് ഏറെ പാടുപെടേണ്ടി വരും. ജീവനക്കാരുടെ നിയമനം വൈകുംതോറും നഗരസഭകളുടെ ആസൂത്രണ-വികസന പ്രക്രിയകളും പ്രവൃത്തികളും മുടങ്ങും.
ഇതോടെ പേരില്‍ മാത്രംനഗരസഭകളായ പഞ്ചായത്തുകളുടെ ഭരണ സംവിധാനങ്ങള്‍ നിശ്ചലമാകും.

Related News from Archive
Editor's Pick