ഹോം » പ്രാദേശികം » മലപ്പുറം » 

കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യമല്ല: മന്ത്രി കെ.ടി.ജലീല്‍

July 16, 2017

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വൃക്കരോഗികളെ സഹായിക്കാനെന്ന പേരില്‍ രൂപീകരിച്ച കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന് മന്ത്രി ഡോ.കെ.ടി.ജലീല്‍. സര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് സൊസൈറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രൂപീകരിച്ച അന്ന് മുതല്‍ ഈ സൊസൈറ്റി വരവ് ചിലവ് കണക്കുകള്‍ സാറ്റിയൂട്ടറി ഓഡിറ്റിന് വിധേയമാക്കിയിട്ടില്ല. 2014-15 വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഈ വീഴ്ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്ക് ഉദ്യോഗസ്ഥരുമായി ബന്ധമില്ല. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ചിലര്‍ മാത്രമാണ് എല്ലാം നിയന്ത്രിക്കുന്നത്. സൊസൈറ്റിക്ക് വേണ്ടി ജോലി ചെയ്യുന്ന ആള്‍ക്ക് ശമ്പളം നല്‍കുന്നത് ജില്ലാ പഞ്ചായത്താണ്. വിവിധ മേളകളിലൂടെയും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്ന് സംഭാവനയായും സ്‌കൂളുകള്‍, കോളേജുകള്‍, ആരാധാനാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം സൊസൈറ്റി പണം പിരിച്ചിട്ടുണ്ട്. എന്നാല്‍ ധനസമാഹരണമോ ചിലവിടലോ ഓഡിറ്റിന് വിധേയമാക്കിയിട്ടില്ല. രേഖകള്‍ ഓഡിറ്റ് വകുപ്പിന് മുന്നില്‍ ഹാജരാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ അതിന് തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്നാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഓഡിറ്റ് വിഭാഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാരിന്റെ മുന്നില്‍ ധനസാഹായത്തിനായി ജില്ലാ പഞ്ചായത്തിന്റെ അപേക്ഷയെത്തിയത്. വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുന്നതിന് പകരം അത് പരിഹരിക്കുന്നതിനുള്ള വഴികളാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കണക്കുകള്‍ ഓഡിറ്റിന് വിധേയമാക്കാന്‍ സൊസൈറ്റി ഭാരവാഹികള്‍ ഭയക്കുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. സ്ഥാപനത്തിന്റെ നാളിതുവരെയുള്ള ചെലവുകളും തുടര്‍ന്നുള്ള പ്രവര്‍ത്തനവും സാറ്റിയൂട്ടറി ഓഡിറ്റിന് വിധേയമാക്കുകയും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ നിര്‍വഹണ ഉദ്യോഗസ്ഥനായും നിയമിച്ചാല്‍ സൊസൈറ്റിക്കുള്ള സര്‍ക്കാര്‍ സഹായം തുടരുമെന്നും മന്ത്രി പറഞ്ഞു.

Related News from Archive
Editor's Pick