ഹോം » പ്രാദേശികം » ആലപ്പുഴ » 

6 മാസത്തിനിടെ പൊലിഞ്ഞത് 194 ജീവന്‍

July 17, 2017

ആലപ്പുഴ: വാഹനമോടിക്കുന്നവരുടെ അലംഭാവവും റോഡുകളുടെ ശോച്യാവസ്ഥയും മൂലം ജില്ലയിലെ നിരത്തുകളില്‍ കഴിഞ്ഞ ആറുമാസത്തിനകം മരിച്ചത് 194 പേര്‍. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1522 അപകടങ്ങളാണ് സംഭവിച്ചത്.
1764 പേര്‍ക്ക് പരിക്കുപറ്റി. ഇതില്‍ നിരവധി പേര്‍ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. അപകടങ്ങളിലെറെയും സംഭവിക്കുന്നത് ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ്. 748 അപകടങ്ങളാണ് ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ടുണ്ടായത്. ഇതില്‍ മാത്രം 80 പേര്‍ മരിച്ചു. 907 പേര്‍ക്ക് പരിക്കേറ്റു. മുന്‍ വര്‍ഷത്തേക്കാള്‍ അപകടങ്ങളില്‍ കുറവുണ്ടെങ്കിലും മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1526 അപകടങ്ങളില്‍ 179 പേരാണ് മരിച്ചത്. 1708 പേര്‍ക്ക് പരിക്കേറ്റു.
മെയ് മാസത്തിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ മെയില്‍ 307 അപകടങ്ങളിലായി 43 പേര്‍ മരിച്ചു. 367 പേര്‍ക് പരിക്കേറ്റു.റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങള്‍ക്ക് പ്രധാന കാരണമാണ്. റോഡുകളിലെ കുഴികള്‍ കണ്ട് പെട്ടെന്ന് വെട്ടിക്കുന്നതാണ് ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതിനിടയാക്കുന്നത്. റോഡുകളുടെ വശങ്ങള്‍ കാല്‍നടപ്പാതയില്‍ നിന്നുംഉയര്‍ന്നു നില്‍ക്കുന്നതും അപകടത്തിടയാക്കുന്നു.

Related News from Archive
Editor's Pick