ഹോം » പ്രാദേശികം » ആലപ്പുഴ » 

ശാപമോക്ഷം കാത്ത് ചേര്‍ത്തല – തണ്ണീര്‍മുക്കം റോഡ്

July 17, 2017

ചേര്‍ത്തല: പൊട്ടി തകര്‍ന്ന് ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ്. കണ്ണടച്ച് അധികാരികള്‍. ദേശീയപാത കഴിഞ്ഞാല്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡാണിത്.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും ലോറികളും അടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി കടന്നു പോകുന്നത്. ശബരിമലയില്‍ പോകുന്ന തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന റോഡ് കുമരകം, മൂന്നാര്‍, തേക്കടി തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രധാന യാത്രാമാര്‍ഗവുമാണ്.
മഴശക്തമായാല്‍ റോഡ് തകരുന്നത് ഇവിടെ പതിവാണ്. അധികാരികളുടെ കെടുകാര്യസ്ഥതയും നിര്‍മാണത്തിലെ അപാകതയുമാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
കെഎസ്ആര്‍ടിസ് സ്റ്റാന്‍ഡിന് കിഴക്കുവശം മുതല്‍ കാളികുളം, കട്ടച്ചിറ, കുണ്ടുവളവ്, തണ്ണീര്‍മുക്കം തുടങ്ങിയ ഭാഗങ്ങളിലെല്ലാം റോഡ് പൂര്‍ണമായി തകര്‍ന്ന സ്ഥിതിയിലാണ്. മഴവെള്ളം റോഡിലെ കുഴികളില്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഇരുചക്രവാഹനയാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ റോഡ് പൂര്‍ണമായി ആധുനികരീതിയില്‍ പുനര്‍നിര്‍മ്മിക്കാനായി പലതവണ പദ്ധതികള്‍ തയ്യാറാക്കിയെങ്കിലും ഒന്നിനും സാങ്കേതികാനുമതി ലഭിച്ചില്ല. ഉടന്‍തന്നെ റോഡ് ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുമെന്നും ഇതിനാലാണ് അറ്റകുറ്റപ്പണികള്‍ നടത്താത്തതെന്നുമാണ് അധികൃതരുടെ വാദം.
ഇതിനായി 12.8 കോടി രൂപയുടെ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായാണ് വിവരം. ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. മഴസീസണിനുശേഷം മാത്രമേ റോഡുനിര്‍മ്മാണം ആരംഭിക്കുകയുള്ളൂ.

Related News from Archive
Editor's Pick