ഹോം » പ്രാദേശികം » വയനാട് » 

കോഴയില്‍ മുങ്ങി അങ്കണ്‍വാടി നിയമനം

July 16, 2017

മാനന്തവാടി: അങ്കണ്‍വാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ പണവും സ്വാധീനവും ഉള്ളവര്‍ക്ക് വീതം വെച്ചു നല്‍കുന്നതിനായി ഇരുമുന്നണികളും നീക്കം നടത്തുന്നു.
ജില്ലയില്‍ നിലവില്‍ ഒഴിവുള്ള നൂറോളം ഒഴുവുകളിലേക്കും വരാനിരിക്കുന്ന ഒഴിവുകളിലേക്കും സ്ഥിരനിയമനം നടത്താന്‍ വേണ്ടിയുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനാണ് അടുത്ത ആഴ്ചമുതല്‍ കൂടിക്കാഴ്ചകള്‍ നടക്കുന്നത്.ഫിബ്രുവരി മുതലാണ് ഇതിനായുള്ള അപേക്ഷകള്‍ അതാത് പഞ്ചായത്തുകള്‍ ഉല്‍പ്പെടുന്നഅഡീഷനല്‍ ഐസിഡിഎസ് ഓഫീസുകള്‍ മുഖേന ക്ഷണിച്ചത്. മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കരണപ്രകാരമുള്ള സെലക്ഷന്‍കമ്മറ്റി റാങ്ക് ലിസ്റ്റ് തയ്യറാക്കുന്നതിനാലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജീവനക്കാര്‍ക്കുള്ള ഓണറേറിയം വര്‍ദ്ധിപ്പിച്ചതിനാലുമാണ് ഒഴിവുകളിലേക്ക് സ്വാധീനവും കോഴയും പരിഗണനയിലെത്തുന്നത്.മുമ്പ് സ്ഥലം എംഎല്‍എക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും നിയമനത്തില്‍ നിര്‍ണ്ണായക പങ്കുണ്ടയിരുന്നെങ്കിലും വളരെ തുച്ഛമായ ഓണറേറിയം മാത്രം നല്‍കിയിരുന്നതിനാല്‍ അങ്കണ്‍വാടി ജോലിയിലേക്ക് ആളെ കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു.
2016 ഏപ്രിലില്‍ പുതുക്കിയ ഓണറേറിയം പ്രകാരം വര്‍ക്കര്‍ക്ക് 7,800 രൂപ സാമൂഹ്യക്ഷേമവകുപ്പും 2200രൂപ ഗ്രാമപഞ്ചായത്തും കുടി 10000 രൂപയും നല്‍കുമ്പോള്‍ ഹെല്‍പ്പര്‍ക്ക് 7500 രൂപയും നല്‍കുന്നുണ്ട്. കൂടാതെ സര്‍വ്വീസില്‍ നിന്നും വിരമിച്ചാല്‍ പെന്‍ഷന്‍ പദ്ധതിയുമുണ്ട്. ഇതോടെ സേവന മേഖലയാണെങ്കിലും ജോലിയിലേക്ക് അപേക്ഷകരുടെ എണ്ണവും കൂടി. വെള്ളമുണ്ട അഡീഷണല്‍ ഐസിഡിഎസ് ഓഫീസിന് കീഴില്‍ വരുന്ന മൂന്ന് പഞ്ചായത്തുകളിലേക്ക് മാത്രം ആയിരത്തിലധികം അപേക്ഷകളാണ് ലഭിച്ചത്.വര്‍ക്കര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി വിജയിച്ചവരും ഹെല്‍പ്പര്‍ ജോലിക്ക് പരാജയപ്പെട്ടവരുമായിരിക്കണം. 18നും 46നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുക. അപേക്ഷകരുടെ എണ്ണം കൂടിയതോടെയാണ് കൂടിക്കാഴ്ച നടത്താന്‍ ചുമതലപ്പെട്ട കമ്മറ്റിയില്‍ കയറിപ്പറ്റാനും വേണ്ടപ്പെട്ടവരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും അണിയറനീക്കങ്ങള്‍ സജീവമായത്.നിയമനം ലഭിക്കുന്ന മുറക്ക് ഇരുപതിനായിരവും അമ്പതിനായിരവും രൂപ വരെയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പുറമെ ചിലര്‍ സ്വകാര്യമായും പണമാവശ്യപ്പെടുന്നതായി ആക്ഷേപമുണ്ട്.
ഇതിന് പുറമെ ചിലര്‍ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ബന്ധുക്കള്‍ക്കും അവസരമൊരുക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇതോടെ തികച്ചും അര്‍ഹതയുണ്ടയിട്ടും പണസ്വാധീനമോ രാഷ്ട്രീയ സ്വാധീനമോ ഇല്ലാത്തവര്‍ പട്ടകയില്‍ നിന്നും പുറത്താവുമെന്നുറപ്പായിരിക്കുകയാണ്. എഴുത്ത് പരീക്ഷയൊന്നുമില്ലാതെ പതിനൊന്നംഗ സെലക്ഷന്‍ കമ്മറ്റിയാണ് കൂടിക്കാഴ്ച നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.
ഇതില്‍ കമ്മറ്റി ചെയര്‍പെഴ്‌സണായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,ബ്ലോക്ക് പഞ്ചായത്തംഗം, അഞ്ച് സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമാണ് വരുന്നത്. ശിശുവികസന ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, ജില്ലാതല പ്രോഗ്രാം ഓഫീസര്‍, പ്രൈമറിഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ എന്നിവരാണ് കമ്മറ്റിയിലുള്ള ഔദ്യോഗിക അംഗങ്ങള്‍. ഉദ്യോഗാര്‍ത്ഥിക്ക് ആകെയുള്ള 100 മാര്‍ക്കില്‍ നിര്‍ണ്ണായകമാവുന്ന 15 മാര്‍ക്കും നല്‍കേണ്ടത് ഇന്റര്‍വ്യൂ കമ്മറ്റിയാണ്. ഇവിടെയാണ് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് പ്രസക്തിയേറുന്നത്. ശിശുവികസനം സംബന്ധിച്ച് അവഗാഹമുള്ള മൂന്ന് വനിതകളുള്‍പ്പട്ട ഈ വിഭാഗത്തില്‍ കയറിപ്പറ്റാന്‍ വേണ്ടിയാണ് കഴിഞ്ഞ ദിവസം വെള്ളമുണ്ടയില്‍ ഇടതു വലതു മുന്നണികളുടെ തര്‍ക്കത്തെ തുടര്‍ന്ന് കൂടിക്കാഴ്ചകള്‍ മാറ്റിവെച്ചത്. 2012 ഡിസംബറില്‍ പരിഷ്‌കരിച്ച സെലക്ഷന്‍ കമ്മറ്റി പ്രകാരം ആദ്യമായി നടക്കുന്ന കൂടിക്കാഴ്ചയായതിനാല്‍ വരും ദിവസങ്ങളില്‍ പരാതികള്‍ വര്‍ദ്ധിക്കുമെന്നാണ് സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന.

Related News from Archive
Editor's Pick