ഹോം » പ്രാദേശികം » വയനാട് » 

ഹാവൂ…നടുവൊടിക്കും യാത്ര

July 16, 2017

കല്‍പ്പറ്റ : വയനാട്ടില്‍ കാലവര്‍ഷം ദുര്‍ബലമാണെങ്കിലും റോഡുകള്‍ ചെളിക്കളമായി. പല റോഡിലും നടുവൊടിക്കും യാത്ര. മാനന്തവാടികുറ്റിയാടി റോഡില്‍ നിരവില്‍പ്പുഴ വരെയുള്ള ഭാഗങ്ങളില്‍ റോഡ് തകര്‍ന്ന് കാല്‍നട യാത്രപോലും ദുഷ്‌ക്കരമായിരിക്കുകയാണ്.
മേപ്പാടിഅമ്പലവയല്‍വടുവന്‍ചാല്‍, മീനങ്ങാടിഅമ്പലവയല്‍, മാനന്തവാടികാട്ടിക്കുളം, നാലാംമൈല്‍തോണിച്ചാല്‍മാനന്തവാടി, മാനന്തവാടികൊയിലേരി പനമരം റോഡുകളെല്ലാം തകര്‍ന്നിരിക്കുകയാണ്. ഇവിടങ്ങളില്‍ രൂപപ്പെട്ട ഗര്‍ത്തങ്ങളില്‍ വീണ് ഇരുചക്രവാഹനക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവ് കാഴ്ച്ചയാണ്.
മേപ്പാടി ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നില്‍ മേപ്പാടിചുണ്ടേല്‍ റോഡിലെ കുഴിയില്‍ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. കുറ്റിയാടി റോഡില്‍ കുഴികളില്‍ വീണ് ലീഫ് പൊട്ടി കെഎസ്ആര്‍ടിസി ബസ് പതിവായി മുടങ്ങുകയാണ്.കണിയാമ്പറ്റ സ്‌കൂളിനു സമീപമുള്ള മോതിരകുനി റോഡ് കരാറുകാരന്‍ പാതിവഴില്‍ ഉപേക്ഷിച്ചതായി പരാതി. നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ സ്ഥലത്തേക്ക് ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് റോഡ് പാസായത്. പക്ഷെ കരാറുകാന്‍ റോഡിന്റെ രണ്ട് സൈഡ് ഭിത്തി മാത്രം കെട്ടി റോഡ് പണി ഉപേക്ഷിക്കുകയാണ് ഉണ്ടായത്.
രണ്ട് കണ്ണിന് കാഴ്ച്ചയില്ലാത്തവരും മാറാരോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്നവരുമായ നിരവധിപേര്‍ക്ക് ഏക ആശ്രയമാണി റോഡ്. മഴക്കാലമായതോടെ റോഡ് ചളിക്കുളമായ അവസ്ഥയാണ്.
സൈഡ് ഭിത്തികെട്ടിയ റോഡില്‍ മണ്ണ് നിറക്കേണ്ട പണിയാണ് ഇപ്പോള്‍ ബാക്കിയുള്ളത്. അതാണങ്കില്‍ കരാറുകാരന്‍ ഉപേക്ഷിച്ച നിലയിലും. പ്രദേശവാസികള്‍ കരാറുകാരനോട് റോഡ് പ്രവര്‍ത്തിയെപറ്റി ചോദിച്ചപ്പോള്‍ തനിക്ക് ലഭിച്ച കരാറില്‍ മണ്ണ് ഫില്ലിംഗ് ജോലി ഇല്ലെന്നുള്ള മറുപടിയാണ് കിട്ടിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എത്രയും വേഗം അധികൃതര്‍ വേണ്ട നടപടിയെടുത്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം അഭിപ്രായപെട്ടു.

 

Related News from Archive
Editor's Pick