ഹോം » പ്രാദേശികം » പാലക്കാട് » 

വ്യാജ ജൈവ പച്ചക്കറികള്‍ വിപണി കീഴടക്കുന്നു

July 16, 2017

കോട്ടായി: വിഷരഹിത പച്ചക്കറിയുടെ പേരില്‍ അജൈവ പച്ചക്കറികള്‍വിപണി കീഴടക്കുന്നു.
രാസകീടനാശിനികള്‍ ഉപയോഗിക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറിയെന്ന പേരില്‍ പലയിടത്തും വില്‍പ്പന നടത്തുന്നത്തമിഴ്‌നാട്ടില്‍ നിന്നുമുള്ള പച്ചക്കറിയാണ്. ഇവയ്ക്കാകട്ടെ 40 ശതമാനം മുതല്‍ 80 ശതമാനം വരെ അധിക വില ഈടാക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി വിഷലിപ്ത പച്ചക്കറികള്‍ക്കെതിരെയുള്ള ബോധവത്ക്കരണം മലയാളികളില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റം മുതലെടുത്തുകൊണ്ടാണ് വ്യാജജൈവ പച്ചക്കറികള്‍ വിപണിയില്‍ സജീവമായിട്ടുള്ളത്. ജൈവ പച്ചക്കറി എന്ന പേരില്‍ ലഭിക്കുന്ന പച്ചക്കറികള്‍ രാസവളവും കീടനാശിനികളും ഉപയോഗിച്ച് ഉത്പാദിപ്പിച്ചതാണോ എന്ന് പരിശോധിക്കാന്‍ യാതൊരു സംവിധാനവും ജില്ലയില്ല.
ജൈവപച്ചക്കറി വിപണന ശാലകളില്‍ പരിശോധനകളൊന്നും തന്നെനടക്കുന്നുമില്ല. ജില്ലയിലെ ജൈവപച്ചക്കറികള്‍ പരിശോധിക്കാന്‍ മണ്ണുത്തിയിലാണ് ഏക സംവിധാനമുള്ളത്.പരിശോധന റിപ്പോര്‍ട്ട് ലഭിക്കുമ്പോഴേക്കും ആഴ്ചകള്‍ പിന്നിട്ടിരിക്കും.
പച്ചക്കറി മാര്‍ക്കറ്റില്‍ 30,40 രൂപ വിലയുള്ള ഒരു കിലോ പയര്‍ ജൈവ പയര്‍ എന്ന പേരില്‍ ഇവര്‍ വില്‍ക്കുമ്പോള്‍ 70,80 രൂപയാണ് ഈടാക്കുന്നത്.പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും വേലന്താവളം ചന്തയില്‍ നിന്നുമൊക്കെ കൊണ്ടുവരുന്ന ഫ്രഷ് പച്ചക്കറികള്‍ തന്നെയാണ് ജൈവമെന്ന പേരില്‍ പലയിടത്തും വില്‍ക്കുന്നത്.
യഥാര്‍ത്ഥ ജൈവ പച്ചക്കറിയെ പ്രോത്സാഹിപ്പിക്കും വിധം വില്‍പ്പനയ്ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുകയും വില നിയന്ത്രിക്കുകയും ചെയ്യാന്‍ അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ ജൈവ പച്ചക്കറി എന്നപേരില്‍ അധിക വിലക്ക് വാങ്ങി കഴിക്കേണ്ടി വരിക വിഷമുള്ള പച്ചക്കറിയായിരിക്കുമെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
ജൈവപച്ചക്കറിയുടെ പേരില്‍ ഒരു ഭാഗത്ത് തട്ടിപ്പ് നടക്കുമ്പോള്‍ മറ്റുപല ഉല്‍പ്പന്നങ്ങളും മായം കലര്‍ന്നതാണെന്ന് പരാതികളും ഉയരുന്നുണ്ട്.

പാലക്കാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick