നടിയെ ആക്രമിച്ച കേസില്‍ നടന്‍ മുകേഷിന്റെ മൊഴിയെടുത്തു

Monday 17 July 2017 2:44 pm IST

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴിയെടുത്തു. അന്വേഷണസംഘം എം‌എല്‍‌എ ഹോസ്റ്റലില്‍ എത്തിയാണ് മൊഴിയെടുത്തത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണ സംഘം ചോദിച്ചതെന്ന് മുകേഷ് മാധ്യമങ്ങളെ അറിയിച്ചു. ദിലീപും മുകേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദിവസവും പിറ്റേന്നും ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് പോലീസ് തിരയുന്നത്. സംഭവ ദിവസം നടന്‍ ദിലീപും മുകേഷും തമ്മില്‍ അമ്പതിലേറെ തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഈ ഫോണ്‍കോളുകടെ സമയദൈര്‍ഘ്യം, സംഭാഷണ വിവരങ്ങള്‍, ഇതിനു സംഭവവുമായി എത്രത്തോളം ബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ദിലീപിന്റെ പഴ്‌സണല്‍ നമ്പരിലും, മറ്റൊരു നമ്പരിലുമാണ് മുകേഷ് സംഭവത്തിന് തൊട്ട് മുമ്പും ശേഷവുമുള്ള ദിവസങ്ങളിലും വിളിച്ചിരിക്കുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. സംഭവമുണ്ടായ ദിവസം പകല്‍ മുതല്‍ പിറ്റേന്ന് ഉച്ചവരെയുള്ള സമയത്താണ് ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത്.