'പദവി ഒഴിഞ്ഞാൽ താൻ സാധാരണ പൗരൻ'

Monday 17 July 2017 3:27 pm IST

ന്യൂദല്‍ഹി: പദവി ഒഴിഞ്ഞാല്‍ താന്‍ ഒരു സാധാരണക്കാരാനായി ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതി എന്ന നിലയില്‍ തന്റെ സ്വദേശമായ പശ്ചിമബംഗാളിലെ ജങ്കിപ്പുരിൽ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ''ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ ഔദ്യോഗിക ചുമതലകളും ഞാനൊഴിയും, പിന്നെ ഈ രാജ്യത്തെ കോടിക്കണക്കിന് പൗരന്‍മാരില്‍ ഒരാള്‍ മാത്രമായിരിക്കും ഞാന്‍.....'' പ്രണബ് പറഞ്ഞു. പശ്ചിമബംഗാളിലെ പൊതുപരിപാടികള്‍ക്ക് ശേഷം ഞായാറാഴ്ച്ചയാണ് പ്രണബ് ദല്‍ഹിയില്‍ തിരിച്ചെത്തിയത്. രാഷ്ട്രപതിയുടെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണിലെ അദ്ദേഹത്തിന്റെ അവസാനയാത്ര കൂടിയായിരുന്നു ഇത്. സ്ഥാനമൊഴിയുന്നതിന് മുന്‍പായി ജൂലൈ 23-ന് പാര്‍ലമെന്റില്‍ എംപിമാരുടെ വക രാഷ്ട്രപതിക്ക് യാത്രയയപ്പുണ്ട്. മുഴുവന്‍ എംപിമാരും ഒപ്പിട്ട കോഫി ടേബിള്‍ ബുക്കായിരിക്കും രാഷ്ട്രപതിക്ക് സമ്മാനമായി എംപിമാര്‍ നല്‍കുക. ജൂലൈ 25-നാണ് പുതിയ രാഷ്ട്രപതി സ്ഥാനമേല്‍ക്കുന്നത്.