സെന്‍‌കുമാറിന് ഇടക്കാല ജാമ്യം

Monday 17 July 2017 5:27 pm IST

കൊച്ചി: മുന്‍ ഡിജിപി സെന്‍‌കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേസിന് കാരണം ഉദ്യോഗസ്ഥരുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണെന്ന് സെന്‍കുമാര്‍ തന്റെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ അഭിമുഖത്തില്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അനുമതിയില്ലാതെയാണ് അഭിമുഖം റെക്കോര്‍ഡ് ചെയ്തത്. അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെ നിയമ നടപടി ആലോചിക്കുന്നതായും സെന്‍കുമാര്‍ അറിയിച്ചു. ഇത് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. തദ്ദേശ ഭരണ വകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ജനസംഖ്യാഅനുപാതത്തെക്കുറിച്ചും ലൗ ജിഹാദ് ഇല്ലെന്നത് ശരിയല്ലെന്നും പറഞ്ഞതിന്റെ പേരിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്. എഡിജിപി നിതിന്‍ അഗര്‍വാളിനാണ് അന്വേഷണ ചുമതല. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയടക്കം എട്ടു പേര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ഒരു വാരികയ്ക്ക് സെന്‍കുമാര്‍ നല്‍കിയ അഭിമുഖമാണ് വിവാദമായത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എഡിജിപി സന്ധ്യ പ്രതിച്ഛായ നേട്ടത്തിന് ശ്രമിച്ചുവെന്ന ആരോപണം വാരികയിലും ലൗ ജിഹാദിനെക്കുറിച്ചും സെന്‍സസ് കണക്കുകളെക്കുറിച്ചുമുള്ള പ്രതികരണങ്ങള്‍ ഓണ്‍ലൈനിലുമാണ് വന്നത്. അഭിമുഖത്തിനെത്തിയ വാരികയുടെ ലേഖകനുമായി സംസാരിക്കുന്നതിനിടെ നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് തദ്ദേശ വകുപ്പ് പുറത്തിറക്കിയ സെന്‍സസ് കണക്കുകള്‍ സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയത്. ഇത് ലേഖകന്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. ലേഖകന്റെ നടപടിക്കെതിരെ സെന്‍കുമാര്‍ അന്നുതന്നെ വാരികയ്ക്ക് കത്തയച്ചു. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനത്തിനെതിരെ സെന്‍കുമാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.