വ്യാജവാര്‍ത്ത : കൈരളിക്കും ദേശാഭിമാനിക്കും നോട്ടീസ്

Monday 17 July 2017 5:44 pm IST

കണ്ണൂര്‍ : കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനു വേണ്ടി പി.ആര്‍.ഏജന്‍സിയെ ഏര്‍പ്പാടാക്കായിത് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോനാണെന്ന് വ്യാജവാര്‍ത്ത നല്‍കിയ ദേശാഭിമാനി പത്രത്തിനും കൈരളി ചാനലിനുമെതിരെ നോട്ടീസ്. ദിലീപിന്റെ കുടുംബസുഹൃത്താണ് പി.ഇ.ബി.മേനോന്‍ എന്നും ആര്‍എസ്എസ് ബന്ധമുള്ള ഏജന്‍സിയാണ് ദിലീപിന് വേണ്ടി പ്രചാരണം നടത്തിയതെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്. ആര്‍എസ്എസ്സിനെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ മനഃപൂര്‍വ്വം പടച്ചുണ്ടാക്കിയ വ്യാജ വാര്‍ത്തയാണിതെന്നും ഈ വാര്‍ത്ത നല്‍കിയ അതേ പ്രാധാന്യത്തോടെ തിരുത്ത് കൊടുക്കാത്ത പക്ഷം നിയമനടപടിയിലേക്ക് നീങ്ങുമെന്നും കാണിച്ചാണ് പി.ഇ.ബി.മേനോന്‍ ദേശാഭിമാനി പത്രത്തിനും കൈരളി ചാനലിന്റെ ഉടമകളായ മലയാളം കമ്മ്യൂണിക്കേഷന്‍സിനും നോട്ടീസ് അയച്ചത്. ഇതിനുമുന്‍പും ദേശാഭിമാനിയും കൈരളി ചാനലും ആര്‍ എസ് എസിനെതിരെയും നേതാക്കള്‍ക്കെതിരെയും വ്യാജവാര്‍ത്തകള്‍ നല്‍കിയിരുന്നു. ദിലീപിന് അനുകൂലമായി സമൂഹ മാദ്ധ്യമങ്ങളില്‍ നടക്കുന്ന ക്യാമ്പയിനുമായൊ അത് നടത്തുന്ന ഏജന്‍സിയുമായൊ ആര്‍ എസ് എസി നോ നേതാക്കള്‍ക്കോ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം നോട്ടീസില്‍ വിശദമാക്കി.