അമൂല്യസ്വത്തുക്കള്‍ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണം - രാജകുടുംബം

Thursday 14 July 2011 12:52 pm IST

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കള്‍ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. നിധി സൂക്ഷിക്കാന്‍ പ്രത്യേക മ്യൂസിയം ആവശ്യമില്ല. ഇക്കാര്യം സുപ്രീം കോടതിയില്‍ ഇന്ന് രാജകുടുംബം അറിയിക്കും. ചരിത്ര പ്രാധാന്യമുള്ള പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ക്ഷേത്രത്തിനുള്ളിലോ ക്ഷേത്രപരിസരത്തോ സംവിധാനം സൃഷ്ടിക്കണം. ബി നിലവറ തുറക്കുന്നതിനു മുന്‍പു ദേവപ്രശ്നം നടത്തണം. സ്വത്തുക്കളുടെ സംരക്ഷണത്തിനാവശ്യമായ നടപടികളും അതിനുള്ള ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രാജകുടുംബം കോടതിയില്‍ ബോധിപ്പിക്കും. നിധിയുടെ സംരക്ഷണം സംബന്ധിച്ച് സര്‍ക്കാരിന്റെയും രാജകുടുംബത്തിന്റെയും നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇക്കാര്യങ്ങള്‍ രാജകുടുംബം അറിയിക്കുക. നിധി നിലവറയില്‍ തന്നെ സൂക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതു സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.