തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

Monday 17 July 2017 6:53 pm IST

ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരെ പ്രത്യാക്രമണം നടത്താന്‍ മടിക്കില്ലെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്. മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ എ.കെ. ഭട്ട് ടെലിഫോണിലാണ് ഇന്ത്യയുടെ നിലപാട് അറിയിച്ചത്. മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സേന ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്നും ഭട്ട് പറഞ്ഞു. പാക്ക് സൈന്യം നിയന്ത്രണരേഖയിലെ പൂഞ്ച്, രജൗരി ജില്ലയില്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ഫോണിലൂടെയുള്ള ചര്‍ച്ച. പാക്കിസ്ഥാനാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്. സംഭാഷണം പത്തുമിനിറ്റ് നീണ്ടതായി ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു. ജവാനും പ്രദേശവാസിയായ ഒമ്പതു വയസുള്ള കുട്ടിയും പാക്ക് ആക്രമണത്തില്‍ മരിച്ചിരുന്നു.