നടിയുടെ പേരും മുഖവും വെളിപ്പെടുത്തി: തമിഴ് മാധ്യമങ്ങള്‍ക്കെതിരെ വനിത കമ്മീഷന്‍

Monday 17 July 2017 8:04 pm IST

തിരുവനന്തപുരം: ലൈംഗികമായി ആക്രമിക്കപ്പെട്ട നടിയുടെ പേരും മുഖവും വ്യക്തമായി വെളിപ്പെടുത്തി വാര്‍ത്ത പ്രസിദ്ധീകരിച്ച തമിഴ് മാധ്യമങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി കേരള വനിത കമ്മീഷന്‍. വാര്‍ത്തകളില്‍ നടിയുടെ പേരും ചിത്രവും നല്‍കുന്നതിനെതിരെ അടിയന്തിര നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട് വനിത കമ്മീഷനും തമിഴ്‌നാട് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്കും കേരള വനിത കമ്മീഷന്‍ കത്തയച്ചു. നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മാഗസിനുകളിലും വെബ്‌സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും ഈ രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും വനിത കമ്മീഷന്‍ കടുത്ത നടപടിയെടുക്കുമെന്ന് അറിയിച്ചു. സംഭവത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കിയ വാര്‍ത്തകളിലെ ചിത്രങ്ങളും പേരുകളും ഉടന്‍ നീക്കം ചെയ്യണമെന്നും സ്ഥാപനങ്ങളോട് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു.