കൊട്ടാരക്കര: താലൂക്കാശുപത്രിയില്‍ പ്രസവം നിര്‍ത്തല്‍ ചികിത്സയില്‍ പിഴവെന്ന പരാതിയില്‍ കൊല്ലം ഡിഎംഒയോട് മനുഷ്യാവകാശകമ്മീഷന് റിപ്പോര്‍ട്ട് തേടി.
കൊട്ടാരക്കരയില്‍ ഇന്നലെ നടന്ന സിറ്റിങിലാണ് പരാതി കേട്ട കമ്മീഷനംഗം മോഹന്‍കുമാര്‍ റിപ്പോര്‍ട്ട് തേടിയത്. കുടുംബത്തിലെ ഒരാളൊഴികെ എല്ലാവരും മരിച്ച കുന്നിക്കോട് വാഹനാപകടത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാത്ത റൂറല്‍ എസ്പിയുടേയും കളക്ടറുടേയും നടപടിയില്‍ കമ്മീഷന് അതൃപ്തി അറിയിച്ചു.
സമാശ്വാസനടപടികളെ കുറിച്ച് റിപ്പോര്‍ട്ട് നല്കാന് കളക്ടറോടും സുരക്ഷാനടപടികളെ കുറിച്ച് റിപ്പോര്‍ട്ട് നല്കാന് റൂറല്‍ എസ്പിയോടും കമ്മീഷന്റെ നിര്‍ദ്ദേശിച്ചു.
പഠനം നിര്‍ത്തിയ വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാനേജ്മന്റ് തടഞ്ഞുവച്ചിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കോളേജ് അധികൃതര്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നും കമ്മീഷന് വിലയിരുത്തി. മൂന്നാര്കോളേജില് അംഗീകാരമില്ലാത്ത മറ്റൊരു കോളേജിന്റെ പേരില്‍ ഫീസ് സ്വീകരിച്ചത് ശരിയല്ലെന്ന് എംജി സര്‍വകലാശാലാ രജിസ്ട്രാറുടെ റിപ്പോര്‍ട്ടും കമ്മീഷന് ലഭിച്ചിട്ടുണ്ട്. കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ പഠനം നിര്‍ത്തിയ മൂന്നാര്‍ കേറ്ററിങ് കോളേജ് വിദ്യാര്‍ത്ഥി കൊല്ലായില്‍ സ്വദേശി ശിവജി.എസ്.കുമാറിന്റെ പരാതിയിലാണ് കമ്മീഷന്റെ നിരീക്ഷണം.
ഭാര്യയോടുള്ള മോശം പെരുമാറ്റം ചോദ്യം ചെയ്ത യാത്രക്കാരനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ എംഡി, പുനലൂര്‍ എഎസ്പി എന്നിവരില്‍ നിന്നും വിശദീകരണം തേടാന്‍ കമ്മീഷന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: