തിരുവനന്തപുരം: സംസ്ഥാന ടൂറിസം വികസന കോര്പ്പറേഷന് 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ‘ഈ ഓണം കെടിഡിസിയോടൊപ്പം’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ക്ക് രൂപം കൊടുത്തതായി ചെയര്മാന് എം. വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോര്‍പ്പറേഷന്റെ കേരളത്തിലുള്ള പ്രീമിയം, ടാമറിന്റ് ഹോട്ടലുകളിലും മോട്ടലുകളിലും ഓണക്കാലത്ത് പായസമേള സംഘടിപ്പിക്കും. കൂടാതെ, കെടിഡിസിയുടെ എല്ലാ സ്ഥാപനങ്ങളിലും അവിടങ്ങളിലെ താമസക്കാര്‍ക്കും മറ്റുമായി തനതുശൈലിയിലെ പാരമ്പര്യ നിറവോടെ ഓണസദ്യയും ഒരുക്കുന്നുണ്ട്. പായസമേളയില്‍ രുചിയേറിയ വിവിധ പായസങ്ങള്‍ ലഭ്യമാക്കും.
സെപ്റ്റംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളിലാണ് കെടിഡിസിയുടെ പ്രമുഖ ഹോട്ടലുകളില്‍ തൂശനിലയില്‍ ഓണസദ്യ ഒരുക്കുന്നത്. കൂടാതെ, തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക് എന്നിവിടങ്ങളിലെ ടെക്കികള്‍ക്കായി ഓഗസ്റ്റ് 29, 30 തീയതികളില്‍ അതത് കാമ്പസുകളില്‍ ഓണസദ്യ ഒരുക്കും.
കോവളത്തെ സമുദ്ര, തിരുവനന്തപുരം മാസ്കറ്റ്, തേക്കടി ആരണ്യ നിവാസ്, കൊച്ചി ബോള്‍ഗാട്ടി പാലസ്, മൂന്നാര്‍ ടീ കൗണ്ടി, തമ്പാനൂര്‍ ചൈത്രം, പൊന്മുടി ഗോള്‍ഡന്‍ പീക്ക്, തണ്ണീര്‍മുക്കം സുവാസം ലേക്ക് റിസോര്‍ട്ട്, തേക്കടി പെരിയാര്‍ ഹൗസ്, ഗുരുവായൂര്‍ നന്ദനം, മലമ്പുഴ ഗാര്ഡന് ഹൗസ്, സുല്‍ത്താന്‍ബത്തേരി പെപ്പര്‍ഗ്രോവ് എന്നീ ഹോട്ടലുകളിലും നെയ്യാര്‍ഡാം, കൊല്ലം, ആലപ്പുഴ, പീരുമേട്, തൃശൂര്‍, ഗുരുവായൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, കണ്ണൂര്‍, തിരുനെല്ലി, മങ്ങാട്ടുപറമ്പ് എന്നിവിടങ്ങളിലെ ടാമറിന്റ് ഹോട്ടലുകളിലും പത്തോളം മോട്ടലുകളിലുമാണ് പായസമേള സംഘടിപ്പിക്കുന്നതെന്നും ചെയര്മാന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെടിഡിസി എംഡി ആര്. രാഹുല്‍, ഡയറക്ടര്‍ കൃഷ്ണകുമാര്‍ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: