കുന്നത്തൂര്‍: പോരുവഴി ശാസ്താംനട ജങ്ഷനില്‍ സ്റ്റുഡിയോ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ശൂരനാട് പോലീസ് അറസ്റ്റുചെയ്തു.
പോരുവഴി കമ്പലടി ചിറയില്‍ വാറുവില്പടിഞ്ഞാറ്റതില് റിന്‍ഷാദി(ഹുസൈനി, 28) നെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഇയാള്‍ കോഴിക്കോട് പേരാമ്പ്രയില്‍ താമസിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.
സ്റ്റുഡിയോയുടെ മുമ്പിലെ പരസ്യമദ്യപാനത്തെ ചോദ്യംചെയ്തതിനെതുടര്‍ന്ന് ശാസ്താംനട ശ്രീ സ്റ്റുഡിയോയുടെ നേര്‍ക്ക് കഴിഞ്ഞ ആറിന് രാത്രി ഒന്‍പതിനാണ് ആക്രമണമുണ്ടായത്. സ്റ്റുഡിയോ അടിച്ചുതകര്‍ക്കുകയും ഉടമയായ ശ്രീകുമാറിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. എട്ടംഗസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പോലീസ് അന്വേഷണം നടക്കുന്നതിനിടയില്‍ വടക്കന്‍ജില്ലകളിലേക്ക് ഒളിവില്‍പോയ ഇവരില്‍ ഒരാള്‍ ഗള്‍ഫിലേക്ക് കടന്നതായും പോലീസ് പറയുന്നു. ആക്രമണത്തില്‍ ഒരുലക്ഷംരൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ശൂരനാട് എസ്ഐ സജീഷിന്റെ നിര്‍ദ്ദേശാനുസരണമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: