മുഹമ്മ: കെഎസ്ആര്‍ടിസി ഇന്ന് മുതല്‍ ആലപ്പുഴ ഡിപ്പോയില്‍നിന്നും മുഹമ്മ- തണ്ണീര്‍മുക്കം- കല്ലറവഴി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ബസ് സര്‍വീസ് പുനരാരംഭിക്കും.
രാവിലെ എട്ടിന് ആലപ്പുഴയില്‍നിന്നും ബസ് പുറപ്പെടും. മണ്ണഞ്ചേരി, മുഹമ്മ, പുത്തനങ്ങാടി, തണ്ണീര്‍മുക്കം തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോകുന്ന രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും സര്‍വീസ് ഏറെ പ്രയേജനപ്പെടും. ഈ പ്രദേശങ്ങളില്‍നിന്നുള്ളവര്‍ പലബസുകള് മാറികയറിയും മുഹമ്മ- കുമരകം ബോട്ട് സര്‍വീസിനെ ആശ്രയിച്ചുമാണ് ഇപ്പോള്‍ ആശുപത്രിയില്‍ പോകുന്നത്. ഇത് ധന- സമയനഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ബസ് സര്‍വീസ് പുനരാരംഭിച്ചത്.
നേരത്തെ ആലപ്പുഴയില്‍ നിന്നും ദിനം പ്രതി അഞ്ചു പ്രാവശ്യം ഇതുവഴി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്നു.നല്ല കളക്ഷന്‍ ഉണ്ടായിരുന്ന സര്‍വീസ് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അധികൃതര്‍ നിര്‍ത്തലാക്കിയത്.
മുഹമ്മ ഗ്രാമപഞ്ചായത്തും ടെന്ബ്രദേഴ്സ് വൈഎസ്എസും നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: