കോഴിക്കോട്: കര്‍ക്കടക വാവ് ദിവസം ശയനപ്രദക്ഷിണം നടത്തി പ്രതിഷേധം. ഈസ്റ്റ്ഹില്‍ ജംഗ്ഷനില്‍ നിന്നുള്ള ഗസ്റ്റ്ഹൗസ് റോഡും എടക്കാട് റോഡും തകര്‍ന്നതില്‍ പ്രതിഷേധിച്ചാണ് പുതിയ സമരമുറയുമായി ആന്റി കറപ്ഷന്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ ശയനപ്രദക്ഷിണം നടത്തിയത്. ചെളിവെള്ളം നിറഞ്ഞ കുഴികളിലൂടെ എം.സി. സുധീഷ്കുമാര്‍, ടി.വി. പ്രവീണ്‍, മനക്കല് സുധീര്‍ എന്നിവര്‍ ശയനപ്രദക്ഷിണം നടത്തി.
ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനുവേണ്ടിയാണ് റോഡ് വെട്ടിപ്പൊളിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് അറ്റകുറ്റപ്പണിയെടുത്ത് ഗതാഗത യോഗ്യമാക്കിയില്ല. ഇക്കഴിഞ്ഞ ദിവസം സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ റോഡിലെ കുഴി കാരണം തെറിച്ച് വീണ് അപകടത്തില്‍ പെട്ടു. ബൈക്ക് യാത്രക്കാരിയുടെ കൈക്ക് മുകളിലൂടെ ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ് ഇവര്‍ ചികിത്സയിലാണ്.
വത്സന് നാലുപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മനക്കല് മുരളി, അഡ്വ. രാജു അഗസ്റ്റിന്, സത്യന് മാക്കാത്ത്, എ.കെ. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: