ചാവക്കാട്: ആധുനികോത്തരം എന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ നവീകരിച്ച ചാവക്കാട് മുനിസിപ്പല്‍ ബസ്റ്റാന്റിന് പരിമിതികളേറെയാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗമമായ സഞ്ചാരത്തിനും ഉതകുന്ന യാതൊരു സംവിധാനങ്ങളും ഇവിടെയില്ല.താലൂക്ക് ആസ്ഥാനം എന്ന നിലയില്‍ ദിവസേന ധാരാളം പേര് വിവിധ കാര്യങ്ങള്‍ക്കായി വന്നു പോകുന്ന ഇവിടെ ഇന്‍ഫര്‍മേഷന്‍ സെന്ററോ പോലീസ് എയ്ഡ് പോസ്റ്റോ ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ബസ് സ്റ്റാന്റിന് തെക്കുവശത്ത് പൊതുയോഗങ്ങളും പരിപാടികളും നടത്തുന്നതിനായി പുതുതായി പണി കഴിപ്പിച്ച ചത്വരവും കഴിഞ്ഞ് ടാക്സി സ്റ്റാന്റിനടുത്താണ് ബസ് സ്റ്റാന്റ് ശുചി മുറി സ്ഥിതി ചെയ്യുന്നത്.വളരെ തുറസ്സായ സ്ഥലത്ത് നില്ക്കുന്നതിനാല് സ്ത്രീകള്‍ക്ക് ഇത് ഉപയോഗപ്രദമല്ല. അശാസ്ത്രീയമായ നിര്‍മ്മാണം മൂലം ബസ്സ് കയറാന്‍ നില്‍ക്കുന്നിടത്ത് വെള്ളം കെട്ടികിടന്ന് ദുര്‍ഗന്ധം വമിക്കുന്നു. സന്ധ്യ മയങ്ങിയാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധരുടേയും ലഹരിമരുന്നു വ്യാപാരികളുടേയും വിഹാര രംഗമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസ്സുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: