ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തില്‍ നടത്തിവരാറുള്ള അംഗുലിയാങ്കം കൂത്ത് ആരംഭിച്ചു. നവീകരണം പൂര്‍ത്തിയാക്കിയശേഷം കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ആദ്യമായിട്ടാണ് അംഗുലിയാങ്കം കൂത്ത് അരങ്ങേറുന്നത്.
ഇടവമാസത്തിലെ തിരുവോണം മുതല്‍ 29 ദിവസം വൈകീട്ട് രാമായണം പ്രബന്ധവും അതിനുശേഷം 12 ദിവസം രാവിലെ അംഗുലിയാങ്കും കൂത്തും നടത്തിവരുന്നു. രാമായണം കഥ മുഴുവനായും ഹനുമാന് കൂത്തിലൂടെ വിസ്തരിക്കുന്നതാണ് അംഗുലിയാങ്കം കൂത്ത്. കൂത്തിന് മുന്നോടിയായി ചാക്യാര്‍ ഹനുമാന് വേഷത്തില്‍ കൂത്തമ്പലത്തില്‍ നിന്നും ശ്രീകോവിലിന് മുന്നില്‍ ചെന്ന് തൊഴുന്നു.
വേഷത്തോടുകൂടി ചാക്യാര്‍ പുറത്തിറങ്ങുന്ന ഏക അവസരവും ഇതാണ്. അമ്മന്നൂര്‍ രജനിഷ് ചാക്യാരാണ് ഇത്തവണ കൂത്ത് അവതരിപ്പിക്കുന്നത്. കൂത്ത് അവതരിപ്പിക്കുന്ന ദിവസം ശ്രീകോവിലില്‍ നിന്നും കത്തിച്ചുകൊണ്ടുവരുന്ന തിരികൊണ്ടാണ് കൂത്തമ്പലത്തിലെ വിളക്ക് തെളിയിക്കുക. ക്ഷേത്രത്തിന് തുല്യമായ സ്ഥാനമാണ് ഇവിടത്തെ കൂത്തമ്പലത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: