ഹോം » പൊതുവാര്‍ത്ത » 

മൂന്നാറില്‍ കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ ഉപഗ്രഹ സര്‍വ്വേ

പ്രിന്റ്‌ എഡിഷന്‍  ·  August 6, 2017

ഇടുക്കി: മൂന്നാറിലെ കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ ഉപഗ്രഹ സര്‍വ്വേ നടത്താന്‍ ജില്ലാഭരണകൂടം നീക്കം ആരംഭിച്ചു. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ വരുന്ന എട്ട് വില്ലേജുകളിലാണ് സര്‍വ്വേ നടത്തുന്നത്. ഈ വില്ലേജുകളുടെ ഹൈ റെസലൂഷന്‍ ഉപഗ്രഹ ചിത്രങ്ങള്‍ സമാഹരിച്ച് ഇവയുടെ സഹായത്തോടെ കൈയേറ്റങ്ങളും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്താമെന്നാണ് ജില്ലാ ഭരണകൂടം കരുതുന്നത്.

ഇത് സംബന്ധിച്ചുള്ള നടപടികള്‍ക്ക് കേരള റിമോട്ട് സെന്‍സിങ് ഏജന്‍സിയെ ഏല്‍പ്പിക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ഫണ്ട് ഉപേയാഗിച്ച് റിമോട്ട് സെന്‍സിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവരശേഖരണം നടത്തിയാല്‍ വന്‍ ബാധ്യതയാകും.

ഇതിനാല്‍ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലകളിലെ ഗവേഷക വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് പ്രോജക്ട് വര്‍ക്കായി ഉപഗ്രഹ സര്‍വ്വേ നടത്താനും ആലോചനയുണ്ട്. മൂന്നാറില്‍ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചും സര്‍ക്കാര്‍ രേഖകള്‍ തിരുത്തിയും വ്യാപകമായി കൈയേറ്റം നടന്നുവരികയാണ്. സര്‍ക്കാര്‍ ഭൂമിയില്‍ വ്യാജ പട്ടയം നിര്‍മ്മിച്ച് വരെ കൈയേറ്റം നടന്നിട്ടും ഭൂമി വീണ്ടെടുക്കാന്‍ കഴിയുന്നില്ല.

കൈയേറ്റക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് ഭൂമി സ്വന്തമാക്കുന്ന കേസുകള്‍ വരെയുണ്ടായിട്ടുണ്ട്. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ നിലവിലുള്ള കെട്ടിടങ്ങളുടെയും അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടങ്ങളുടെയും ഏലപ്പട്ടയത്തിലെ നിര്‍മ്മാണങ്ങളുടെയും വിവരങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ ഉപഗ്രഹ സര്‍വ്വേ സഹായകമാകും.

Related News from Archive
Editor's Pick