മാധ്യമങ്ങള്‍ക്കെതിരെ വി.എസ്

Saturday 18 June 2011 6:41 pm IST

തൃശൂര്‍: മൂന്നാര്‍ ദൗത്യസംഘം തലവന്‍ കെ.സുരേഷ്‌ കുമാര്‍ ചെയ്‌ത നല്ല കാര്യങ്ങളെ കുറിച്ച്‌ താന്‍ പറഞ്ഞത്‌ മാധ്യമങ്ങള്‍ മറച്ചുവച്ചതായി പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. സ്വാര്‍ത്ഥ താല്‍പര്യത്തോടെയാണ്‌ വാര്‍ത്തകള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപിച്ചു പറഞ്ഞ കാര്യം മാത്രമാണ് നിങ്ങള്‍ വാര്‍ത്തയായി കൊടുത്തത്. നിഷ്‌പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നില്ലെന്നാണ്‌ ആനുകാലിക സംഭവങ്ങള്‍ തെളിയിക്കുന്നത്‌. ഏകപക്ഷീയമായ വാര്‍ത്തകള്‍ കൊടുക്കുകയാണ്‌ മാധ്യമങ്ങള്‍ ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ നിങ്ങളോട്‌ കൂടുതല്‍ സംസാരിക്കാനില്ലെന്നും വി.എസ്‌ പറഞ്ഞു. മൂന്നാര്‍ ദൗത്യസംഘം തലവനെന്ന നിലയില്‍ സുരേഷ്‌കുമാര്‍ എടുത്ത എല്ലാ നിലപാടുകളും ശരിയായിരുന്നില്ലെന്ന്‌ കഴിഞ്ഞ ദിവസം വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളും സുരേഷ്‌ കുമാര്‍ ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് വീ.സ് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയത്.