ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

വാദ്യകല അക്കാദമി വാര്‍ഷികം നാളെ

August 11, 2017

തൃശൂര്‍: കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ വാര്‍ഷികം നാളെ വാദ്യകലാകാര സംഗമമായി നടത്തും. അന്നമനട പരമേശ്വരമാരാര്‍, മച്ചാട്, രാമകൃഷ്ണന്‍ നായര്‍, നെല്ലുവായ് കൃഷ്ണന്‍കുട്ടിമാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, പോരൂര്‍ ഉണ്ണികൃഷ്ണന്‍, ഈച്ചരത്ത് മാധവന്‍ നായര്‍, തലോര്‍ പീതാംബരമാരാര്‍, പല്ലാവൂര്‍ രാഘവപിഷാരോടി, പതിയാന ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. തൃശൂര്‍ പാറമേക്കാവ് പുഷ്പാഞ്ജലി ഹാളില്‍ വൈകീട്ട് നാലിന് നടക്കുന്ന സംഗമം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. പെരുവനം കുട്ടന്‍മാരാര്‍ പ്രശസ്തിപത്രം സമര്‍പ്പിക്കും. കെ. രാജന്‍ എംഎല്‍എ ജേതാക്കളെ പൊന്നാടയണിയിക്കും.
രാവിലെ ഒമ്പതിന് വാദ്യരംഗത്തെ മുതിര്‍ന്ന ആചാര്യന്മാര്‍ ഭദ്രദീപം തെളിക്കുന്നതോടെ ആഘോഷപരിപാടികള്‍ക്കു തുടക്കമാകും. തുടര്‍ന്ന്, പഞ്ചമദ്ദളകേളി, കുറുംകുഴല്‍ കച്ചേരി, കൊമ്പ്പറ്റ്, വാദ്യസമന്വയം, അഷ്ടപദി, അടന്തമേളം എന്നിവ നടക്കും. രാവിലെ 11ന് പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അന്നമനട പരമേശ്വരന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍ മാരാര്‍, പരയ്ക്കാട് തങ്കപ്പമാരാര്‍, കുനിശേരി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അക്കാദമി പ്രസിഡന്റ് അന്തിക്കാട് പത്മനാഭന്‍, ജനറല്‍ സെക്രട്ടറി കൊടകര രമേശ്, ട്രഷറര്‍ കീഴൂട്ട് നന്ദനന്‍, കമ്മിറ്റിയംഗങ്ങളായ അന്തിക്കാട് ഷാജി, പട്ടിക്കാട് അജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related News from Archive
Editor's Pick