പട്ടാഴിയില്‍ മദ്യപസംഘത്തിന്റെ ആക്രമണം; രണ്ട് ഓട്ടോതൊഴിലാളികള്‍ക്ക് പരിക്ക്

Saturday 12 August 2017 4:25 pm IST

പത്തനാപുരം: പട്ടാഴി ബിവറേജസ് ഔട്ട്‌ലറ്റില്‍ മദ്യം വാങ്ങാനെത്തിയ സംഘം ഓട്ടോറിക്ഷാതൊഴിലാളികളെ മര്‍ദ്ദിച്ചതായി പരാതി. ഓട്ടോറിക്ഷാ തൊഴിലാളിയായ താമരക്കുടി പുകളുവിള പുത്തന്‍വീട്ടില്‍ ശിവജി (43), പട്ടാഴി സ്വദേശി സന്തോഷ് (37) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പട്ടാഴി മാര്‍ക്കറ്റ് ജങ്ഷനിലെ ബിവറേജസ് ഔട്ട്‌ലറ്റിന് സമീപം വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഓട്ടം വിളിച്ചിട്ടും പോയില്ലെന്ന കാരണത്താലാണ് സന്തോഷിനെ സംഘം മര്‍ദിച്ചത്. തടസം പിടിക്കാന്‍ ചെന്ന ശിവജിയെയും മര്‍ദിച്ചു. പലപ്പോഴും ഓട്ടം വിളിച്ചിട്ടും പണം നല്‍കാറില്ലെന്നും അതുകൊണ്ടാണ് പോകാന്‍ തയ്യാറാകാത്തതെന്നും സന്തോഷ് പറഞ്ഞു. അഞ്ച് പേര്‍ക്കെതിരെ കുന്നിക്കോട് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് സംയുകത ഓട്ടോറിക്ഷാ തൊഴിലാളികളുടെ നേതൃത്വത്തില്‍ പട്ടാഴിയില്‍ പ്രകടനവും പണിമുടക്കും നടത്തി. കുറേ നാളുകളായി പട്ടാഴി കേന്ദ്രീകരിച്ച് മദ്യപസംഘത്തിന്റെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയണ്.