ഹോം » ഭാരതം » 

ഗോരഖ്പൂര്‍ ദുരന്തം: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

വെബ് ഡെസ്‌ക്
August 12, 2017

ഗോരഖ്പൂര്‍: ഓക്‌സിജന്‍ ലഭിക്കാതെ 63 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബി.ആര്‍.ഡി) മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. യു.പി മെഡിക്കല്‍ വിഭ്യാഭ്യാസ മന്ത്രി അശുതോഷ് ടണ്ടന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഗുരുതരമായ അലംഭാവം പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ സാഹചര്യത്തിലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതത അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉത്തരവാദികള്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെയാണിത്.

അതിനിടെ ഓക്‌സിജന്‍ തടസപ്പെട്ടതുകൊണ്ടാണ് കുട്ടികള്‍ മരിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് യു.പി ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. ഓക്‌സിജന്‍ വിതരണം തടസപ്പെട്ടകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

അതിനിടെ, സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്രത്തിലെയും ഉത്തര്‍പ്രദേശിലെയും അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ വ്യക്തമാക്കി.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick