ഹോം » പ്രാദേശികം » ഇടുക്കി » 

മാലിന്യത്തില്‍ മുങ്ങി കട്ടപ്പന

August 12, 2017

 

കട്ടപ്പന: മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാനാവാതെ കട്ടപ്പന നഗരസഭ ഇരുട്ടില്‍ തപ്പുന്നു. നഗരസഭാ പരിധിയില്‍ കുന്നുകൂടുന്ന മാലിന്യങ്ങളുടെ അളവ് വര്‍ദ്ധിച്ചു വരുന്നതായി ശുചീകരണത്തൊഴിലാളികളും നഗരസഭാംഗങ്ങളും പറയുന്നു. സമീപ പഞ്ചായത്തുകളായ ഇരട്ടയാര്‍,കാഞ്ചിയാര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ കട്ടപ്പന നഗരസഭയുടെ പരിധിയില്‍ തള്ളുന്നതാണ് മാലിന്യങ്ങളുടെ അളവ് വര്‍ദ്ധിച്ചുവരാന്‍ കാരണമെന്നാണിവര്‍ പറയുന്നത്.
പുളിയന്‍മലയില്‍ നഗരസഭയ്ക്ക് മാലിന്യ നിക്ഷേപ കേന്ദ്രമുണ്ടെങ്കിലും മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനമില്ല. ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരം തിരിച്ച് കത്തിക്കുകയാണ് പതിവ്. മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതിനാല്‍ മാലിന്യ സംസ്‌കരണത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. പുതിയ സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞ ബജറ്റില്‍ 40 ലക്ഷം രൂപ ഉള്‍പ്പെടുത്തിയിരുന്നു. ആധുനിക ഇന്‍സിനറേറ്റര്‍ വാങ്ങുന്നതിനായി 10 ലക്ഷം രൂപയും നഗരസഭ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജൂലൈയില്‍ ആധുനിക ഇന്‍സിനറേറ്റര്‍ എത്തുമെന്നാണ് സൂചന. ഖരമാലിന്യ സംസ്‌കരണത്തിന് പുറമെ മലിനജല സംസ്‌കരണവും നഗരസഭയെ വെട്ടിലാക്കുന്നു. മഴക്കാലത്ത് മലിനജലം ഇടുക്കികവല ബൈപ്പാസ് ഭാഗത്തേക്കും കുന്തളംപാറ റോഡിലേയ്ക്കും ഒഴുകുന്നത് സ്ഥിരം കാഴ്ച്ചയാണ്. രണ്ടിടത്തും ഡ്രയിനേജ് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കാനാണ് നഗരസഭയുടെ പദ്ധതി. ഇതിനായി 80 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നഗരത്തിലെ ഓടകളുടെ ശുചീകരണത്തിനായി നാല് ലക്ഷവും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കട്ടപ്പന ഇരട്ടയാര്‍ റൂട്ടിലും കട്ടപ്പന ഇടുക്കി റൂട്ടിലും മാലിന്യം നിറഞ്ഞ അവസ്ഥയാണുള്ളത്. പേഴുംകവലയ്ക്കു സമീപം മാംസാവശിഷ്ടങ്ങള്‍ തള്ളുന്നതുമൂലം ഇതുവഴി മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണുള്ളത്.

ഇടുക്കി - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick