ഹോം » പ്രാദേശികം » മലപ്പുറം » 

തുഞ്ചത്ത് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍

August 12, 2017

തിരൂര്‍: തുഞ്ചത്ത് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയ ഒഴൂര്‍ മുതേരി ജയചന്ദ്രന്‍ (38) പോലീസിന്റെ പിടിയിലായി.
കഴിഞ്ഞ ദിവസം കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ജയചന്ദ്രന്‍ വലയിലായത്. ബാംഗ്ലൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി തിരൂരിലെ വീട്ടില്‍ വന്നു പോവുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഒന്നര ലക്ഷത്തോളം വരുന്ന നിക്ഷേപകരില്‍ നിന്നും 90 കോടിയോളം വരുന്ന തുക തട്ടിപ്പ് നടത്തി എന്നാണ് പറയപ്പെടുന്നത്.
പ്രാഥമിക നിഗമനത്തില്‍ 15 കോടി തട്ടിയെടുത്തു എന്നാണ് പരാതി. 65 ലക്ഷം കൊണ്ടാരംഭിച്ച ബിസിനസ് ജനങ്ങളില്‍ നിന്നും ഒരു ലക്ഷത്തിന്റെ നിക്ഷേപങ്ങളും സ്വര്‍ണ്ണവും വാങ്ങി കോടികള്‍ തട്ടിയെന്നും ഈ പണം കൊണ്ട് ബാംഗ്ലൂരിലും താനൂരിലും തിരൂരിലും സ്ഥലങ്ങള്‍ വാങ്ങിയെന്നും പറയുന്നു. എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുളള ഇയാള്‍ കോടികളുടെ ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. ബാംഗ്ലൂരില്‍ 85 സെന്റും 26 റൂമുകളുള്ള കെട്ടിടം ഉണ്ടെന്നും ഈ ബില്‍ഡിംഗിനടുത്ത് തുഞ്ചത്ത് ജ്വല്ലറി തുടങ്ങാന്‍ പരിപാടിയുണ്ടായിരുന്നതായും പറയുന്നു.
ഇതു വരെ മുന്നൂറോളം പരാതികളാണ് കിട്ടിയിട്ടുള്ളതെന്നും അതാത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ളവര്‍ അവിടെ പരാതി കൊടുക്കണമെന്നും വേണ്ട നടപടികള്‍ ചെയ്യുമെന്നും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചെന്നും സി ഐ എം.കെ. ഷാജി പറഞ്ഞു.
എസ്‌ഐ സമേഷ് സുധാകര്‍, എഎസ്‌ഐ പ്രമോദ്, രാജേഷ്, ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Related News from Archive
Editor's Pick