ഹോം » പ്രാദേശികം » ആലപ്പുഴ » 

മത്സരം കടുത്തു; സംഘാടനം പൊളിഞ്ഞു

August 13, 2017

 

 

ആലപ്പുഴ: പുന്നമടക്കായലിന്റെ ഇരു കരകളെയും അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാഴ്ത്തിയ മത്സരങ്ങളാണ് ഇന്നലെ നടന്നത്. എന്നാല്‍ സംഘാടനത്തിലെ പാകപ്പിഴ 65-ാമത് നെഹ്‌റുട്രോഫി ജലോത്സവത്തിന്റെ നിറം കെടുത്തി.

ഒന്നരമണിക്കൂര്‍ വൈകിയാണ് ഫൈനല്‍ മത്സരം നടന്നത്. രാവിലെ 11ന് മത്സരം ആരംഭിച്ചതു തന്നെ അഞ്ചരയ്ക്കു മുമ്പ് സമ്മാനദാനം വരെ നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ സ്റ്റാര്‍ട്ടിങ് ഉപകരണത്തിന്റെ തകരാറുകളും വള്ളക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങളും സംഘാടനത്തിലെ പിഴവും മൂലം മത്സരക്രമം അലങ്കോലപ്പെട്ടു.

എന്നാല്‍ ഇതിന്റെയെല്ലാം കുറവു നികത്തുന്നതായിരുന്നു ഫൈനല്‍ മത്സരം. ഫോട്ടോ ഫിനിഷില്‍ ഫലം പ്രഖ്യാപിക്കേണ്ടി വന്നു. മുന്‍ വര്‍ഷം 4.22.10 മിനിട്ടിലാണ് കാരിച്ചാല്‍ ജേതാവായത്. എന്നാല്‍ ഇത്തവണ ഫൈനലില്‍ പ്രവേശിച്ച മുഴുവന്‍ വള്ളങ്ങളും ഇതിലും കുറഞ്ഞ സമയത്തിനകം ഫിനിഷ് ചെയ്തു എന്നത് മത്സരത്തിന്റെ കാഠിന്യം വ്യക്തമാക്കി.

അപ്രതീക്ഷിത മുന്നേറ്റമായിരുന്നു ഗബ്രിയേലിന്റേത്. പായിപ്പാട് ചുണ്ടനും കാരിച്ചാല്‍ ചുണ്ടനുമായിരുന്നു ആരാധകരേറെ. ഇത് സാധൂകരിക്കുന്ന മത്സരമായിരുന്നു ഹീറ്റ്‌സ് മത്സരങ്ങളില്‍ ഇരു ചുണ്ടനുകളും കാഴ്ചവച്ചത്. എന്നാല്‍ ഫൈനലില്‍കളി മാറി.

ഗബ്രിയേല്‍ ചുണ്ടനിലൂടെ എറണാകുളം ജില്ലക്കാര്‍ ആദ്യ കിരീടം ചൂടി. ആലപ്പുഴ, കോട്ടയം ജില്ലകളുടെ കുത്തകയായിരുന്ന നെഹ്‌റുട്രോഫി ഇടക്കാലങ്ങളില്‍ കൊല്ലം ജില്ലക്കാര്‍ സ്വന്തമാക്കിയിരുന്നു. ഫൈനല്‍ മത്സരം ഇരുട്ടില്‍ നടത്തേണ്ടി വന്നത് സംഘാടനത്തിലെ വീഴ്ചമൂലമാണ്.

വൈകിയതിനാല്‍ ഫൈനല്‍ മത്സരം ദൃക്‌സാക്ഷി വിവരണം ചെയ്യാന്‍ ആകാശവാണി തയ്യാറായില്ല. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ക്കിടെ സ്റ്റാര്‍ട്ടിങ് സംവിധാനം ശരിയാക്കാന്‍ അരമണിക്കൂറിലേറെ വേണ്ടിവന്നു. ഒടുവില്‍ ഇത് ഉപേക്ഷിച്ച് പരമ്പരാഗത രീതിയിലാണ് മത്സരം ആരംഭിച്ചത്.

ഫൗള്‍ സ്റ്റാര്‍ട്ടു മൂലം മൂന്നാം ഹീറ്റ്‌സിലെ മത്സരം നാലുതവണ മുടങ്ങി. ഒരുതവണ വള്ളം കുറുകെയിട്ട് തുഴച്ചിലുകാര് പ്രതിഷേധിക്കുകയും ചെയ്തു. മന്ത്രി തോമസ ഐസക്, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ ചര്‍ച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. തേര്‍ഡ് ലൂസേഴ്‌സ് ഫൈനലിലായിരുന്നു സംഭവം. മത്സരിക്കാന്‍ ദേവസ് വളളം എത്താതിരുന്നതിനെത്തുടര്‍ന്ന് മൂന്നു വള്ളങ്ങളെ മാത്രം പങ്കെടുപ്പിച്ച് ഫൈനല്‍ നടത്തുകയായിരുന്നു. ഒടുവില്‍ ഇവര്‍ വള്ളം ട്രാക്കിനു കുറുകെയിട്ട് പ്രതിഷേധിക്കുകയായിരുന്നു.

കലാശപ്പോരാട്ടവും ഫൗള്‍ സ്റ്റാര്‍ട്ടു മൂലം ഒരു ഡസിനിലേറെ തവണ റദ്ദാക്കേണ്ടി വന്നു. മുന്‍ എംഎല്‍എ, കെ.കെ. ഷാജു, എ.വി. മുരളി എന്നിവരായിരുന്നു മുഖ്യ സ്റ്റാര്‍ട്ടര്‍മാര്‍. മത്സരങ്ങള്‍ വൈകിയതിനെത്തുടര്‍ന്ന് കാണികള്‍ മൊബൈല്‍ ഫോണില്‍ ലൈറ്റു തെളിച്ചു പ്രതിഷേധിച്ചു.

Related News from Archive
Editor's Pick